കോൺഗ്രസ് -സി.പി.എം അന്തർധാര ആരോപിച്ച് പി.കെ.രാഗേഷ്‌ 'കോർപറേഷനിൽ അനിയൻബാവ ചേട്ടൻബാവ ബന്ധം"

Monday 15 December 2025 9:55 PM IST

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ സി.പി.എം-കോൺഗ്രസ് തമ്മിൽ അനിയൻബാവ, ചേട്ടൻബാവ ബന്ധമെന്ന് മുൻ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ.രാഗേഷ്. പഞ്ഞിക്കയിൽ ഡിവിഷനിലെ തന്റെ പരാജയത്തോടെ ആ അന്തർധാര പൂർണമായി തെളിഞ്ഞുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു സി.പി.എം നേതാക്കളും ചില കോൺഗ്രസ് നേതാക്കളും തമ്മിൽ അകത്തള ധാരണയുണ്ടായിരുന്നു.അതിന്റെ ഫലമായി സി.പി.എം വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് മറിച്ചു. 2015ൽ പഞ്ഞിക്കയിൽ വാർഡിൽ സി.പി.എമ്മിന് 821 വോട്ടും 2020ൽ 980 വോട്ടും ലഭിച്ചിരുന്നു.എന്നാൽ ഇത്തവണ അത് 522 ആയി ഇടിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പള്ളിയാമൂല വാർഡിൽ 2020ൽ 812 വോട്ടുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ 400 വോട്ടായി കുറഞ്ഞത് ഇതേ അന്തർധാരയുടെ ഫലമാണ്. ഇവിടെയും സി.പി.എം വോട്ട് കോൺഗ്രസിലേക്ക് മറിച്ചതായും അദ്ദേഹം ആരോപിച്ചു. സി പി.എമ്മുമായി ധാരണ നടത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോയെന്ന് രാഗേഷ് ചോദിച്ചു. അതുപോലെ കോൺഗ്രസിന് വോട്ട് മറിച്ച സി.പി.എം പ്രവർത്തകർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിയിലാണ് സി.പി.എം-കോൺഗ്രസ് കൂട്ടുകെട്ട് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ചില സി.പി.എം പ്രവർത്തകർ തന്നെ പിന്തുണയ്ക്കാമെന്ന് പറഞ്ഞിരുന്നു.എന്നാൽ സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും പി.കെ. രാഗേഷ് വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ എം.വി. പ്രദീപ് കുമാർ, ഇ.പി. മധുസൂദനൻ എന്നിവരും പങ്കെടുത്തു.

ബി.ജെ.പി സീറ്റ് വർദ്ധനയ്ക്ക് പിന്നിൽ കോൺഗ്രസ് ബി.ജെ.പി.യുടെ സീറ്റ് എണ്ണം ഒന്നിൽ നിന്ന് നാലായി വർദ്ധിച്ചതിന് പിന്നിലും ചില കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് രാഗേഷ് പറഞ്ഞു. പകൽ കോൺഗ്രസ് പ്രവർത്തിച്ച് രാത്രി ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ചില നേതാക്കളെന്നും രാഗേഷ് കുറ്റപ്പെടുത്തി.