എയർപോർട്ടുകളിലെ ഭക്ഷണക്കൊള്ള
വിമാനത്താവളങ്ങളിലെ കഫേകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും വിലയറിയാതെ ഒരിക്കൽ ചായ വാങ്ങി കുടിച്ചവർ പിന്നീട് ഒരിക്കൽപ്പോലും അതിനു മുതിരുമെന്നു തോന്നുന്നില്ല. കരിപ്പൂർ വിമാനത്താവളത്തിൽ ഒരു ചായയുടെ വില 300 രൂപയാണ്. കൊച്ചിയിലേക്ക് എത്തിയാൽ വില 215 രൂപയാകും. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലും ഇതിനു സമാനമാണ് വില. വിമാനങ്ങളിൽ സമ്പന്ന വിഭാഗക്കാർ മാത്രം യാത്രചെയ്തിരുന്ന കാലം മാറി. ഇപ്പോൾ വിവിധ ആവശ്യങ്ങൾക്കായി സാധാരണക്കാരാണ് കൂടുതലും വിമാനങ്ങളിൽ യാത്ര ചെയ്യുന്നത്. അവർക്ക് ഒരിക്കലും താങ്ങാനും ഉൾക്കൊള്ളാനും കഴിയാത്ത വിലയാണ് ഭക്ഷണത്തിന് വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. മാത്രമല്ല, ഭക്ഷണ സാധനങ്ങളുടെ വിലവിവരം കാണിക്കുന്ന ബോർഡുകൾ എവിടെയും പ്രദർശിപ്പിച്ചിട്ടുമില്ല. അതിനാൽ ഇത്തരം കഫേകളിൽ കയറി കാപ്പികുടിച്ച് വെട്ടിലാകുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങി പ്രതിസന്ധി വന്നപ്പോൾ ഉയർന്ന വിമാന ചാർജ് നിജപ്പെടുത്താൻ ഡി.ജി.സി.എയുടെയും കേന്ദ്ര വ്യോമയാന വകുപ്പിന്റെയും ഭാഗത്തുനിന്ന് നടപടിയുണ്ടായി. അങ്ങനെ ഒരു പ്രതിസന്ധി വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു തീരുമാനം ഉണ്ടാകാൻ സാദ്ധ്യതയില്ല എന്നുതന്നെ പറയാം. കാരണം, അതിന് ഉത്തരവാദപ്പെട്ടവർ ഒരിക്കലും യാത്രക്കാരുടെ പക്ഷത്തു നിന്ന് ചിന്തിക്കാറില്ല എന്നതു തന്നെ. കഫേകളുടെയും റസ്റ്റോറന്റുകളുടെയും ടെൻഡർ കൊടുക്കുമ്പോൾത്തന്നെ ചായയ്ക്കും കാപ്പിക്കും മറ്റ് ഭക്ഷണ വിഭവങ്ങൾക്കും പരമാവധി ചുമത്താവുന്ന വില കൂടി എയർപോർട്ട് അതോറിട്ടി നിശ്ചയിക്കേണ്ടതാണ്. കോടികൾ മുടക്കി തുടങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിൽപ്പോലും ഇല്ലാത്ത നിരക്ക് സർക്കാരിന്റെ അധീനതയിലുള്ള ഒരു സ്ഥലത്തുനിന്ന് ഈടാക്കുമ്പോൾ മുതലാളിമാരാണോ സർക്കാരാണോ കണ്ണിൽച്ചോരയില്ലാത്ത വലിയ കൊള്ളക്കാരൻ എന്ന സംശയം വിലയറിയാതെ കയറി ചായ കുടിച്ച് പണം നഷ്ടപ്പെട്ടവർക്ക് ഉള്ളിലെങ്കിലും തോന്നാതിരിക്കില്ല.
വിമാനത്താവളത്തിന് അകത്തു കയറിയാൽ പിന്നെ പുറത്തു പോയി ഭക്ഷണം കഴിക്കാനാകില്ല. കുട്ടികളുമായി വരുന്നവർ വിമാനത്താവളത്തിനകത്തെ കേഫകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിതരുമാകും. വിമാനം വൈകുന്നതും ഷെഡ്യൂളുകൾ റദ്ദാകുന്നതും ഇപ്പോൾ ഏതാണ്ട് സ്ഥിരം സംഭവമായി മാറിയതിനാൽ ബോർഡിംഗ് പാസെടുത്ത് വിമാനത്താവളത്തിനകത്ത് പ്രവേശിക്കുന്ന യാത്രക്കാർക്ക് മണിക്കൂറുകളോളം അവിടെ ചെലവഴിക്കേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിയത്. വിമാനം വൈകുകയോ മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും താമസ സൗകര്യവും ഏർപ്പടുത്തേണ്ടത് വിമാനക്കമ്പനികളുടെ ചുമതലയാണെങ്കിലും മിക്ക കമ്പനികളും ഇത് പാലിക്കാറില്ല.
മൂന്ന് ഇഡ്ഡലിയും ചായയും മിനറൽ വാട്ടറും അടങ്ങുന്ന സെറ്റിന് 590 രൂപയാണ് എയർപോർട്ട് റസ്റ്റോറന്റിലെ കുറഞ്ഞ വില. ജ്യൂസിനാകട്ടെ കുറഞ്ഞ വില 250 രൂപയാണ്. ഉയർന്ന ടെൻഡർ തുകയാണ് ഭക്ഷണ സാധനങ്ങളുടെ വില ഇത്രയും അധികമാവാൻ ഇടയാക്കുന്നതെന്നാണ് കഫേ ഷോപ്പുകൾ നടത്തുന്നവർ പറയുന്നത്. ഏഴ് വർഷത്തേക്കും മറ്റുമാണ് ടെൻഡർ നൽകുന്നത്. ലൈസൻസ് ഫീ കുറയ്ക്കാനും ഭക്ഷണ സാധനങ്ങളുടെ പരമാവധി വില നിജപ്പെടുത്താനുമുള്ള നടപടികൾ എയർപോർട്ട് അതോറിട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ടെൻഡർ നല്കിക്കഴിഞ്ഞാൽപ്പിന്നെ അതനുസരിച്ച് കട നടത്തുന്നവർ കാണിക്കുന്ന എന്തു തോന്ന്യാസത്തിനും കണ്ണടച്ച് ലൈസൻസ് നല്കുന്ന ഏർപ്പാട് ശരിയല്ല. ടിക്കറ്റ് വിലയിലും ഭക്ഷണ വിലയിലും ആകാശക്കൊള്ള നടത്തുന്നത് എന്തു ന്യായത്തിന്റെ പേരിലായാലും നീതികരിക്കാവുന്നതല്ല.