മോഹൻലാലിന്റെയും ദിലീപിന്റെയും 'അഴിഞ്ഞാട്ടം', ഭഭബയിലെ ആദ്യഗാനം പുറത്ത്
ദിലീപിനെ നായകനാക്കി ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബയിലെ ആദ്യഗാനം പുറത്ത്. അഴിഞ്ഞാട്ടം എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഈ ഗാനം എം.ജി. ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഗാനത്തിന് ഷാൻ റഹ്മാനാണ് സംഗീതം. ദിലീപും മോഹൻലാലും ചുവടുവയ്ക്കുന്ന ഗാനത്തിന് സാൻഡി മാസ്റ്റർ ആണ് കോറിയോഗ്രാഫി നിർവഹിച്ചത്.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 18നാണ് റിലീസ്, ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ നിർണായകമായ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ചിത്രത്തിന്റെ സെൻസറിങ് ഇന്ന് പൂർത്തിയായി. യു/എ 13+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗും ഉടൻ ആരംഭിക്കും. 'വേൾഡ് ഓഫ് മാഡ്‌നെസ്സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് 'ഭ.ഭ.ബ' എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.