ജനവാസ കേന്ദ്രത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത് കാട്ടിൽ നിന്നും 12 കിലോമീറ്റർ പുറത്ത്
കാസർകോട്: ജനവാസ മേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ പോസ്റ്റുമോർട്ടത്തിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ഫോറസ്റ്റ് ഓഫീസിന് സമീപം മറവ് ചെയ്തു. കള്ളാർ കോട്ടക്കുന്ന് സ്വദേശി ഷാജിയുടെ പറമ്പിലാണ് ഏതാണ്ട് മൂന്ന് വയസ് പ്രായമുള്ള പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ വനപാലകർ അനന്തര നടപടികൾ സ്വീകരിച്ചു. ചത്ത പുലിയുടെ ശരീരത്തിൽ വെടികൊണ്ടതോ അടിയേറ്റതോ ആയിട്ടുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കാട്ടിനു സമീപത്തു നിന്നും 12 കിലോമീറ്റർ പുറത്തായി ഏക്കർ കണക്കിന് വിസ്തൃതിയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടതിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ ജനവാസ കേന്ദ്രം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം പുലിയുടെ മരണ കാരണം സ്ഥിരീകരിക്കുകയും നിയമലംഘനം ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കണ്ണൂരിൽ നിന്നും വനംവകുപ്പിന്റെ നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ബി.ഇല്ല്യാസ് റാവുത്തർ എത്തിയാണ് പോസ്റ്റുമോർട്ടം ചെയ്തത്. ജനകീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആയിരുന്നു പോസ്റ്റുമോർട്ടം. കാസർകോട് ഡി.എഫ്.ഒ ജോസ് മാത്യു, കാസർകോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നോമിനി വി.ബി.ഉദയസൂര്യൻ, വെറ്റിനറി സർജൻ അഞ്ജിത ശിവൻ, കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണൻ, കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.രാഹുൽ, ഫ്‌ളൈയിംഗ് സ്‌ക്വോഡ് റേഞ്ച് ഓഫീസർ പി.രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി.രാജു, കാസർകോട് ആർ.ആർ.ടി സംഘം, സർപ്പ വളണ്ടിയേഴ്‌സ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ജനവാസ കേന്ദ്രങ്ങളിൽ വർദ്ധിച്ചു വരുന്നതിൽ നാട്ടുകാരിൽ ആശങ്കയുണ്ട്. കഴിഞ്ഞ മാസമാണ് പുല്ലൂർ പെരിയയിൽ നിന്ന് കുളത്തിൽ വീണ പുലിയെ കെണിവെച്ചു പിടിച്ചത്.