കട്ടിളപ്പാളിയിലെ സ്വർണത്തിന് തെളിവില്ലെന്ന് എൻ. വാസു

Tuesday 16 December 2025 1:34 AM IST

കൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നു എന്നതിന് രേഖകളില്ലെന്ന വാദവുമായി സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ. വാസു. ഹൈക്കോടതിയിലെ ജാമ്യഹർജിയിലാണ് ഈ വാദം. തെളിവുകൾ ഹാജരാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.

2019ൽ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശ വന്നപ്പോൾ വാസു ദേവസ്വം കമ്മിഷണറായിരുന്നു. ചെമ്പുപാളികൾ എന്നാണ് ശുപാർശയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാൻ ബോർഡിനോട് നി‌ർദ്ദേശിക്കുക മാത്രമാണ് വാസു ചെയ്തതെന്ന് അഭിഭാഷകൻ വാദിച്ചു. 2010 മുതൽ പദവിയിലിരിക്കുന്ന ഹർജിക്കാരന് ഇത് സ്വർണം പൊതിഞ്ഞിരുന്ന കാര്യം അറിവുള്ളതല്ലേയെന്നും ജാഗ്രത കാട്ടേണ്ടിയിരുന്നില്ലേയെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞതിന് തെളിവില്ലെന്ന വാദം ഉന്നയിച്ചത്.