പൊലീസുകാരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

Tuesday 16 December 2025 12:38 AM IST

വർക്കല: വെട്ടൂർ കയറ്റാഫീസ് ജംഗ്ഷനിൽ കാർ തടഞ്ഞ് നിറുത്തി യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ ഇടപ്പെട്ട,വർക്കലയിലെ രണ്ട് പൊലീസുകാരെ ആക്രമിച്ച മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു.നെയ്യാർ ഡാം പെരിഞ്ഞനംകടവ് ആർ.എസ് ഭവനിൽ പ്രവീൺ(35),വെട്ടൂർ വെന്നിക്കോട് കട്ടിംഗ് ഗ്രൗണ്ടിന് സമീപം രേവതി നിലയത്തിൽ ബിജിത്ത്(28), ഇടുക്കി ഏലപ്പാറ ഫെയർഫിൽ എസ്റ്റേറ്റിൽ ജിജോ (29) എന്നിവരാണ് അറസ്റ്റിലായത്.വർക്കല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നജീബ്,സി.പി.ഒ സുജിത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 12.30 ഓടെയായിരുന്നു സംഭവം.

വെട്ടൂർ ജംഗ്ഷനിൽ യാത്രക്കാരുമായി പോവുകയായിരുന്ന കാറിനെ മൂന്നംഗസംഘം തടഞ്ഞു നിറുത്തി, ഡ്രൈവറുമായി വഴക്കുണ്ടാക്കി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പ്രതികൾ പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുംവിധം ആക്രമണത്തിന് മുതിരുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫോട്ടോ: ജിജോ, ബിജിത്ത്, പ്രവീൺ