തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

Tuesday 16 December 2025 12:48 AM IST

അന്തിക്കാട്: കാർ കുറുകെ നിറുത്തിയത് ചോദ്യം ചെയ്ത ആളെ ആക്രമിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്രയാർ പട്ടത്ത് വീട്ടിൽ ആകാശ് ബാബുവിനെ (19) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. ഇയാൾ വധശ്രമ കേസിലും കവർച്ചാ കേസിലും പ്രതിയാണ്. ഈ മാസം 12 ന് രാത്രി 8.50 ഓടെ കാഞ്ഞാണി സിംല ബാറിന് സമീപമാണ് സംഭവം. കാഞ്ഞാണി സ്വദേശി പൊറത്തൂർ വീട്ടിൽ ലിയോ( 28 ) നടന്നുവരുമ്പോൾ ആകാശ് കാർ കുറുകെ നിറുത്തിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പ്രതി ഇയാളെ ആക്രമിക്കുകയായിരുന്നു. ലിയോയുടെ പരാതിയിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. പുതുക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ചാലക്കുടി, വാടാനപ്പള്ളി , കാട്ടൂർ, കയ്പമംഗലം പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസിലും മൂന്ന് അടിപിടി കേസും ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ. കേഴ്‌സൻ വി .മാർക്കോസ് , എസ്. ഐ.സുബിന്ദ് , എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.