യാത്രക്കാരൻ തെറിച്ചു വീണ് മരിച്ച സംഭവം: സ്വകാര്യ ബസ് ഡ്രൈവർക്ക് തടവും പിഴയും
Monday 15 December 2025 11:07 PM IST
കൊച്ചി: അമിതവേഗത്തിൽ ഓടിച്ച സിറ്റി സർവീസ് സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു റോഡിൽ വീണു മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് തടവും പിഴയും. ബസ് ഡ്രൈവർ ടി.കെ. ഷിബുവിനാണ് എറണാകുളം ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് അലൻ ഇ. ബൈജു ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. സൈജു ഹാജരായി. 2014ൽ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിക്ക് മുന്നിൽ നടന്ന സംഭവത്തിൽ എറണാകുളം സിറ്റി ഈസ്റ്റ് ട്രാഫിക് പൊലീസാണ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്.