വാക്ക് പാലിച്ച് സ്ഥാനാർഥി, റോഡ് വീതികൂട്ടി നൽകി
കട്ടപ്പന: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പറഞ്ഞ വാക്കുകളൊക്കെ മറക്കുന്നവരാണ് മിക്ക സ്ഥാനാർഥികളും. എന്നാൽ വിജയിച്ചതിനു പിന്നാലെ പ്രചരണ കാലത്തെ വാഗ്ദാനം യാഥാർഥ്യമാക്കി മാതൃകയാകുകയാണ് ഇവിടെ ഒരു സ്ഥാനാർഥി. ഇരട്ടയാർ പഞ്ചായത്ത് ഏഴാം വാർഡിൽ യു.ഡി.എഫ് സീറ്റിൽ വിജയിച്ച ഷീബ അജയ് കളത്തുക്കുന്നേൽ ആണ് താൻ നൽകിയ വാഗ്ദാനം പാലിച്ചത്. സി.കെ പടി ഇറക്കേറിയ റോഡിൽ നിന്നും ഗൗരി പാറയ്ക്ക് പോകുന്ന നടപ്പുവഴി എട്ടടി വീതിയിൽ നാട്ടുകാർക്കായി തുറന്നു കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് രണ്ടാം ദിവസം തന്നെ ഷീബയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇവിടെയെത്തി നടപ്പു വഴി കാടും മറ്റും വെട്ടിമാറ്റി വീതി കൂട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വാർഡ് കൺവെൻഷനിലാണ് പ്രദേശവാസികൾ ഈ വിഷയം ഷീബയുടെ മുമ്പിലേക്ക് വെച്ചത്. വിജയിച്ചാൽ നടപ്പുവഴി വീതി കൂട്ടുമെന്ന് ഷീബ ഉറപ്പ് നൽകിയിരുന്നു. ഭരണ സമിതി അധികാരത്തിലെത്തിയ ശേഷം പഞ്ചായത്തിൽ നിന്നും ഫണ്ട് വകയിരുത്തി റോഡിന്റെ ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. റോഡിന്റെ വീതി കൂട്ടലിനു സാക്ഷ്യം വഹിക്കാൻ ഡി.സി.സി സെക്രട്ടറി വൈ.സി സ്റ്റീഫൻ, കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, റെജി ഇലപ്പുലിക്കാട്ട്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സോണി മടത്തും മുറി തുടങ്ങിയവരും എത്തിയിരുന്നു.