ക്രിസ്‌മസ് ആഘോഷമാക്കാൻ 'അനിയൻ ചേട്ടന്റെ' ഡ്രംസെറ്റുണ്ട്
മാന്നാർ: വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങുന്ന ക്രിസ്മസ് രാവുകൾക്കായി അനിയൻ ചേട്ടന്റെ ജീവിത താളവും ഉയരുകയാണ്. ക്രിസ്മസ് ആഘോഷങ്ങളെ വർണാഭമാക്കി നാടും വീടും ഉണർത്തുന്ന കരോൾ സംഘങ്ങളുടെ ആവേശമാണ് പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയൻ ചേട്ടൻ (69). കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ. ആഘോഷ വേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്‌മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്ക് വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനും പഴയത് അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനുമെല്ലാം അനിയൻ ചേട്ടന്റെ കടയെയാണ് ആശ്രയിക്കുന്നത്.
മാന്നാർ പരുമലക്കടവിലാണ് അനിയൻ ചേട്ടൻ ഡ്രം സെറ്റുകളുമായി ജീവിതത്തിന്റെ താളങ്ങൾ ചിട്ടപ്പെടുത്തുന്നത്. കൂടാതെ പരുമല പള്ളിയുടെ സമീപത്തും അനിയൻ ചേട്ടന് കടയുണ്ട്. നക്ഷത്ര വിളക്കുകൾ, അലങ്കാര വിളക്കുകൾ, സമ്മാന വസ്തുക്കൾ, ഗിത്താർ, തബല, ബാന്റ് സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയ്ക്കും അനിയൻ ചേട്ടന്റെ കട തേടി ധാരാളം പേർ എത്തുന്നുണ്ട്.
സ്‌പെയർ മീററ്റിൽ നിന്ന്
പഴയ തലമുറയും പുതുതലമുറയും ക്രിസ്മസ് കാലത്ത് അനിയൻ ചേട്ടനെ അന്വേഷിച്ച് എത്തും. ആയിരക്കണക്കിന് ഡ്രമ്മുകൾ നന്നാക്കാനും പുതിയത് നൽകുവാനും ജീവിത യാത്രയ്‌ക്കിടെ സെബാസ്റ്റ്യനെന്ന അനിയന് കഴിഞ്ഞിട്ടുണ്ട്. ഡ്രമ്മുകളുടെ 'തല' അഥവാ തുകൽ മാറ്റി വയ്ക്കലാണ് ഈ സീസണിലെ പ്രധാന ജോലി. കേടുപാടുകൾ വന്നതും ദ്രവിച്ചതുമായ തുകൽ മാറ്റി നിലവാരമുള്ള പുതിയവ പിടിപ്പിച്ച് നൽകും. ഉത്തരപ്രദേശിലെ മീററ്റിൽ നിന്ന് സ്പെയർ ഭാഗങ്ങൾഎത്തിച്ചാണ് ഡ്രമ്മുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ക്രിസ്‌മസ് അടുക്കുമ്പോൾ ഡ്രമ്മിന്റെ താളമേളങ്ങൾക്കായി മനസ് തുടിക്കും. കരോളിന്റെ താളം മുടങ്ങരുത്, അതാണ് എന്റെ ലക്ഷ്യം. പഴയ ഡ്രമ്മുകൾക്ക് പുതു ജീവൻ പകരുമ്പോൾ മനസ് നിറയും
- സെബാസ്റ്റ്യൻ