ആഡംബരകാർ വാഹനങ്ങളിൽ ഇടിച്ചു,​ യുവാവിന്റെ കാലൊടിഞ്ഞു

Tuesday 16 December 2025 8:35 AM IST

ആലപ്പുഴ: ആഡംബരകാർ​ നിയന്ത്രണംവിട്ട്​ സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി,​ സ്കൂട്ടർ യാത്രികനായ യുവാവിന്റെ കാലൊടിഞ്ഞു. ഓട്ടോറിക്ഷഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ആലപ്പുഴ വട്ടപ്പള്ളി ജാസിന മൻസിലിൽ ജെസീറിന്റെ മകൻ ജെസി ജാസിനെ (22) ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ന്​ ആലപ്പുഴ വലിയചുടുകാട്​ രക്തസാക്ഷി മണ്ഡപത്തിന്​ എതിർവശത്തായിരുന്നു സംഭവം. അമ്പലപ്പുഴ ഭാഗത്തുനിന്ന്​ ആലപ്പുഴയി​ലേക്ക്​ വന്ന ബി.എം.ഡബ്ല്യുകാറാണ്​ അപകടമുണ്ടാക്കിയത്​. ആലപ്പുഴയിൽ നിന്ന്​ അമ്പലപ്പുഴ ഭാഗത്തേക്ക്​ മീൻ ബോക്സിലാക്കി ഓൺലൈൻ വിൽപനക്കായി പോയ സ്കൂട്ടറിലാണ്​ ആദ്യം ഇടിച്ചത്​. ഇതിന്​ പിന്നാലെ നിയ​ന്ത്രണംവിട്ട്​ അതേദിശയിൽ സഞ്ചരിച്ച ഓട്ടോയിലും ഇടിച്ചാണ്​ കാർ നിന്നത്​. മീൻ റോഡിൽ ചിതറി. ഇതിന്​ പിന്നാലെ ഗതാഗതതടസവുമുണ്ടായി. ഇടിച്ചിട്ട അതേവാഹനത്തിൽ ത​ന്നെയാണ്​ പരിക്കേറ്റ യുവാവിനെ മെഡിക്കൽകോളജ്​ ആശു​പത്രിയിൽ എത്തിച്ചത്​. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി ​മേൽനടപടി സ്വീകരിച്ചു. കായംകുളം രജിസ്​ട്രേഷനിലുള്ള ബി.എം.ഡബ്ല്യു കാറി​ന്റെ ഡ്രൈവർ ഉറങ്ങി​പ്പോയതാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം.