വായു മലിനീകരണവും പുകമഞ്ഞും, ഡൽഹിയിൽ താറുമാറായി റോഡ്, വ്യോമ ഗതാഗതം

Tuesday 16 December 2025 1:52 AM IST

 100ലധികം വിമാന സ‌ർവീസുകൾ റദ്ദാക്കി ദുരിതം ബാധിക്കുന്നത് ദരിദ്രരെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശൈത്യകാലത്തിലെ വായു മലിനീകരണ ദുരിതത്തിൽ ഉഴലുകയാണ് ഡൽഹി. റോഡ് വ്യോമ ഗതാഗതം ഇന്നലെ താറുമാറായി. ഇന്നലെ പുലർച്ചെ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 100ലധികം വിമാന സ‌ർവീസുകൾ റദ്ദാക്കി. 400ൽപ്പരം വിമാനസർവീസ് വൈകി. ഇൻഡിഗോ വിമാന പ്രതിസന്ധിയ്ക്ക് പിന്നാലെയാണിത്. സഫ്ദർജംഗ് അടക്കം മേഖലകളിൽ കാഴ്ചാപരിധി പൂജ്യമായതിനാൽ റോഡു ഗതാഗതവും കുഴഞ്ഞുമറിഞ്ഞു. 60ഓളം ട്രെയിൻ സർവീസുകൾ വൈകി ഓടി.

ഇന്നലെ തുടർച്ചയായ മൂന്നാം ദിവസവും വായു ഗുണനിലവാര സൂചിക അപകടകരമായ സവിയർ പ്ലസ് വിഭാഗത്തിലെ 500 രെഖപ്പെടുത്തി. അശോക് വിഹാർ, രോഹിണി തുടങ്ങിയ ഇടങ്ങളിലാണിത്. ശ്വാസകോശ പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. രാവിലെ 12 ഡിഗ്രിയായിരുന്നു താപനില. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഇതിനിടെ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

ജാഗ്രതാനിർദ്ദേശം

സിംഗപ്പൂർ,യു.കെ,കാനഡ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹിയിൽ പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. പുറത്തിറങ്ങുകയാണെങ്കിൽ മാസ്‌ക് ധരിക്കണം.

നടപ്പാക്കാൻ

കഴിയണം

രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനമേ ഉണ്ടാകുകയുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രായോഗികതലത്തിൽ നടപ്പാക്കാൻ കഴിയുന്ന പരിഹാരമാർഗങ്ങൾളേ ഉത്തരവിടാനാകൂയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോടതി നിർദ്ദേശമുണ്ടായിട്ടും സ്‌കൂളുകളിൽ കായിക മത്സരങ്ങളും ഔട്ട് ഡോർ പ്രവർത്തനങ്ങളും നിർബാധം തുടരുകയാണെന്ന് അമിക്കസ് ക്യൂറി അപരാജിത സിൻഹ കോടതിയെ അറിയിച്ചപ്പോഴാണ് പ്രതികരണം. വായു മലിനീകരണം ഏറ്റവും ബാധിക്കുന്നത് ദരിദ്രരെയാണെന്നും കൂട്ടിച്ചേർത്തു. നാളെ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിശദമായി വാദം കേൾക്കും. സുപ്രീംകോടതിയിലെയും ഡൽഹി ഹൈക്കോടതിയിലെയും സിറ്റിംഗ് ഹൈബ്രിഡ് സംവിധാനത്തിലേക്ക് മാറി. കോടതിയിൽ നേരിട്ടോ,വീഡിയോ കോൺഫറൻസിംഗ് മുഖേനയോ അഭിഭാഷകർക്കും കക്ഷികൾക്കും ഹാജരാകാം.