മഹാരാഷ്ട്രയിലെ പിങ്ക് വസന്തം, ഫ്ലമിംഗോ സീസണിന് ആരംഭം
മുംബയ്: മനോഹരമായ പിങ്ക് നിറത്തിൽ, നീളമുള്ള കാലുകളും കഴുത്തുമുള്ള ഫ്ലമിംഗോകളുടെ സീസൺ ആരംഭിച്ചിരിക്കുകയാണ് മഹരാഷ്ട്രയിൽ. സാധാരണയായി തണുപ്പുകാലത്ത്, ദേശാടനം ചെയ്ത് ഇന്ത്യയിൽ വിരുന്നെത്തുന്നവരാണ് ഈ പക്ഷികൾ. ഒക്ടോബർ അവസാനം മുതൽ മേയ് ആദ്യം വരെയാണ് ഫ്ലമിംഗോകൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഇപ്പോൾ, മഹാരാഷ്ട്രയിൽ ഫ്ലമിംഗോ സീസൺ എത്തിക്കഴിഞ്ഞു. ഇന്ത്യയിലേക്ക് പ്രധാനമായും രണ്ട് തരം ഫ്ലമിംഗോകളാണ് പറന്നെത്തുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, മറ്റ് മദ്ധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഗ്രേറ്റർ ഫ്ലമിംഗോകളും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ നിന്നും എത്തുന്ന ലെസ്സർ ഫ്ലമിംഗോകളുാണ് ഇവ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇവയുടെ എണ്ണം ഏറ്റവും കൂടുതൽ. കാലാവസ്ഥാ വ്യതിയാനങ്ങളോ മഴയുടെ ലഭ്യത കുറയുന്നതോ അനുസരിച്ച് ഇവയുടെ വരവിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. ഈ വർഷം മഴ വൈകിയത് കാരണം ഇവയുടെ വരവിനും താമസമുണ്ടായി. ഫ്ലമിംഗോകളുടെ പ്രധാന ആകർഷണം ഇവയുടെ പിങ്ക് നിറമാണ്. ഇവർ കഴിക്കുന്ന നീല-പച്ച ആൽഗകളിലും ചെമ്മീനുകളിലുമുള്ള കരോട്ടിനോയിഡുകൾ എന്ന വർണ്ണവസ്തുക്കളാണ് തൂവലുകൾക്ക് ഈ നിറം നൽകുന്നത്. വെള്ളത്തിൽ നിന്ന് ആഹാരം അരിച്ചെടുക്കാൻ സഹായിക്കുന്ന തരത്തിൽ താഴോട്ട് വളഞ്ഞ പ്രത്യേക കൊക്കുകളാണ് ഇവയ്ക്കുള്ളത്. വലിയ കൂട്ടങ്ങളായി തണ്ണീർത്തടങ്ങളിലും ഉപ്പുരസമുള്ള തടാകങ്ങളിലും ഇവയെ കാണാം.
ഇവിടങ്ങളിൽ കാണാം
മഹാരാഷ്ട്രയിലെ താനെ ക്രീക്ക് ഫ്ളമിംഗോ സാങ്‌ച്വറി, സേവ്രി മഡ്ഫ്ളാറ്റ്സ്,ഭണ്ഡൂപ് പമ്പിംഗ് സ്റ്റേഷൻ, ഡി.പി.എസ് ഫ്ളമിംഗോ ലേക്ക്, കരവേ ഫ്ളമിംഗോ പോയിന്റ്, ഭിഗ്വാൻ ഉജനി ഡാം ബാക്ക്വാട്ടേഴ്സ്, കർണാല പക്ഷി സങ്കേതം, നന്ദൂർ മധ്‌മേശ്വർ പക്ഷി സങ്കേതം എന്നിവടങ്ങളിലേ ഫ്ളമിംഗോകളെ കാണാൻ സാധിക്കുകയുള്ളൂ. മഹാരാഷ്ട്രയിൽ കൂടാതെ ഫ്ളമിംഗോകളെ കാണാൻ സാധിക്കുക ഗുജറാത്തിലെ കച്ച് റാൻ, തമിഴ്‌നാട്ടിലെ വേദന്താംഗൽ പക്ഷി സങ്കേതം, ആന്ധ്രാപ്രദേശിലെ പുലിക്കാട്ട് തടാകം, ഒഡീഷയിലെ ചിൽക്ക തടാകം, രാജസ്ഥാനിലെ സാമ്പാർ തടാകം, കർണാടകയിലെ ലക്കവള്ളി പക്ഷി സങ്കേതം തുടങ്ങിയ തണ്ണീർത്തടങ്ങളിലും എല്ലാ വർഷവും ഇവയെ കാണാറുണ്ട്.