വാർഡിൽ മത്സരിച്ച സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതായി പരാതി

Tuesday 16 December 2025 12:53 AM IST

കുന്നംകുളം: കടവല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് വടക്കുമുറിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മാദ്ധ്യമപ്രവർത്തകനും മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ പി.എ.റഫീക്കിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ബൈക്കിൽ യുവാവ് റഫീക്കിനെ അന്വേഷിച്ച് എത്തിയത്. ഈ സമയത്ത് റഫീഖ് വീട്ടിലുണ്ടായിരുന്നില്ല. റഫീക്കിന്റെ പിതാവ് റഫീഖ് വീട്ടിലില്ലെന്ന് അറിയിക്കുകയും ചെയ്തു. വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണം റഫീഖാണെന്നും അവന്റെ കാലുകൾ തല്ലി ഒടിക്കും എന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. റഫീക്ക് കുന്നംകുളം പൊലീസിൽ പരാതി നൽകുകയും കുന്നംകുളം പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് യുവാവിനായുള്ള അന്വേഷണം ആരംഭിച്ചതായും പറഞ്ഞു. ആറു സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡിൽ 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചത്.