അതിശൈത്യത്തിൽ തണുത്ത് വിറച്ച് വയനാട്
മാനന്തവാടി: അതി ശൈത്യവും, നേരിയ മഞ്ഞും സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമായി വയനാട്. കഴിഞ്ഞ ഒരാഴചക്കിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസ്. നവംബർ ആദ്യവാരം മുതൽ തന്നെ ജില്ലയിൽ കനത്ത മഞ്ഞായിരുന്നു. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 19 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയും കൂടിയ താപനില 26 മുതൽ 27 വരെയുമായിരുന്നു. എന്നാൽ ആദ്യ ആഴ്ച്ച പിന്നിടുമ്പോൾ അതി ശൈത്യമാണ് വയനാട്ടിൽ അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ കുറഞ്ഞ 11 ഡിഗ്രീ സെൽഷ്യസ് വരെ എത്തിയപ്പോൾ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസാണ്. 2024 ഡിസംബറിൽ ഇത് യഥാക്രമം 29 മുതൽ 12 ആയിരുന്നു. സൂര്യൻ അസ്തമിക്കുന്നതൊടെ ആരംഭിക്കുന്ന ശൈത്യം സൂര്യൻ ഉദിച്ചുയർന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് വെയിലിന് ചൂട് പിടിക്കുന്നത്. സൂര്യൻ ഉദിച്ച് തുടങ്ങുന്നതൊടെ ജലാശയങ്ങളിൽ നിന്ന് നിരാവി മന്ദഗതിയിൽ നീങ്ങുന്നത് മനോഹര കാഴ്ചയാണ്. എന്നാൽ ഇതൊന്നും ഒരു തണുപ്പല്ലെന്നാണ് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും തണുപ്പിന്റെ കാഠിന്യം കൂടുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. അതി ശൈത്യം ആരംഭിച്ചതൊടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പിളി വിൽപ്പനക്കാരും ജില്ലയിൽ സജീവമായിട്ടുണ്ട്.