ഭരണവിരുദ്ധ വികാരം : മറച്ചുപിടിച്ച്  സി.പി.എം, തുറന്നടിച്ച്  സി.പി.ഐ

Tuesday 16 December 2025 12:06 AM IST

ശബരിമല സ്വർണക്കൊള്ളയിൽ വീഴ്ച ഇന്ന് ഇടതു മുന്നണിയോഗം

തിരുവനന്തപുരം: തദ്ദേശ തോൽവിക്കു ഭരണവിരുദ്ധവികാരം കാരണമായെന്ന് സി.പി.ഐ തുറന്നടിച്ചത് ഇടതുമുന്നണിക്ക് കുരുക്കായി. സ്വന്തം ഭരണത്തെ തള്ളിപ്പറയാൻ കഴിയാത്ത സാഹചര്യത്തിൽ, ഭരണ വിരുദ്ധ വികാരമില്ലെന്ന നിലപാടിൽ സി.പി.എം ഉറച്ചുനിൽക്കേയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നത്.

തദ്ദേശതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചേർന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടറിയേറ്റുകളാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

രാവിലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടുകൾ നാലുമണിയോടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിശദീകരിക്കുന്ന വേളയിൽ, എം.എൻ. സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പിണറായിക്കുനേരെ വിരൽ ചൂണ്ടുകയായിരുന്നു.

ഭരണ വിരുദ്ധ വികാരം തന്നെയാണ് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റയാൾ പട്ടാളമായാണ് പ്രവർത്തിക്കുന്നതെന്നും വിമർശനമുയർന്നു. ആത്മപരിശോധന നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം ആവർത്തിക്കുമെന്നും യോഗത്തിൽ വിമർശനമുണ്ടായി .

ഇന്നു കൂടുന്ന ഇടതുമുന്നണി യോഗത്തിൽ ഭരണവിരുദ്ധ വികാരമെന്ന് തുറന്നടിച്ചു പറയും. ഇഴ കീറിയുള്ള വിശദ പരിശോധന ആവശ്യപ്പെടും.

അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിലെ പാർട്ടി നിലപാടിൽ വീഴ്ച ഉണ്ടായെന്ന് വിലയിരുത്താൻ

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറായി. വിഷയം ഉയർന്നയുടൻ കർശന നടപടി കൈക്കൊണ്ടിരുന്നെങ്കിൽ പാർട്ടി നിലപാട് ശക്തമായി പ്രതിഫലിക്കുമായിരുന്നെന്ന് അഭിപ്രായമുയർന്നു. ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ടെങ്കിലും ആരും പ്രകടിപ്പിച്ചില്ല.

തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അവ 27 ന് കൂടുന്ന സെക്രട്ടേറിയറ്റിൽ വിശദമായി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

യു.ഡി.എഫിന്റെ വിജയം ഗൗരവമായി കാണണമെന്നും കീഴ്ഘടകങ്ങളിൽ പരിശോധിക്കണമെന്നും ജനറൽ സെക്രട്ടറി എം.എ ബേബി അഭിപ്രായപ്പെട്ടു.

ജാേസ് കെ.മാണി വരുമോ?​

തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് നടത്തുന്ന മുന്നണിവിപുലീകരണ നീക്കവും ഇടതു മുന്നണിയുടെ ഉറക്കം കെടുത്തുന്നു. കേരള കോൺഗ്രസ് എം നയിക്കുന്ന ജോസ് കെ.മാണി മറുകണ്ടം ചാടുമോയെന്നാണ് ആശങ്ക. കോൺഗ്രസ് മാത്രമല്ല ലീഗും അതിനായി കരുക്കൾ നീക്കുന്നതിനാൽ കാര്യം നിസാരമല്ലെന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്. ജോസഫ് ഗ്രൂപ്പ് എതിർക്കുന്നുണ്ടെങ്കിലും പരിമിതിയുണ്ട്.

സി.പി.ഐ പറയുന്ന വീഴ്ചകൾ

1.പി.എം ശ്രീയിൽ സി.പി.ഐ യുടെ എതിർപ്പ് മറികടന്ന് ഒപ്പിട്ടതിലൂടെ ന്യൂനപക്ഷത്തിന് സർക്കാരിനുള്ള വിശ്വാസം നഷ്ടമായി. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന സർക്കാരിൽ നിന്നു തന്നെ ആ വിശ്വാസത്തിന് ഉലച്ചിൽ ഉണ്ടായതോടെ ന്യൂനപക്ഷ വിഭാഗം കോൺഗ്രസിന് അനുകൂലമായി.

2.ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള പത്മകുമാറിനെതിരെ നടപടിയെടുക്കുന്നതിന് പകരം വിഷയം നിസാരവത്കരിക്കാനുള്ള ശ്രമം വിശ്വാസികൾക്കിടയിൽ വലിയ അമർഷത്തിനിടയാക്കി. അമർഷം ലഘൂകരിക്കുന്നതിന് യാതൊന്നും ചെയ്യാൻ സർക്കാറിനായില്ല.

3. ഒറ്റയാൾ പട്ടാളത്തെ പോലെയുള്ള മുഖ്യമന്ത്രിയുടെ രീതികളും പെരുമാറ്റവും പൊതുജനങ്ങൾക്കിടയിലുണ്ടാക്കിയ അമർഷം കനത്ത തോൽവിക്ക് കാരണമായി.

4.സി.പി.ഐ വകുപ്പുകൾക്ക് പ്രാധാന്യം നൽകാതെയുള്ള സർക്കാർ പ്രവർത്തനവും ദോഷമുണ്ടാക്കി.