കളങ്കാവലും കാന്താരയും ' സ്റ്റാർ'
തൃശൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ക്രിസ്തുമസ് തിരക്കിൽ നാടും നഗരവും. വിപണിയിൽ ബാംബൂ നക്ഷത്രങ്ങളാണ് ഇത്തവണ താരം. പല വലിപ്പത്തിലും കളറുകളിലും ഇവ ലഭ്യമാണ്. 150, 200, 300 എന്നിങ്ങനെയാണ് വില. ഒപ്പം കടലാസ്, പ്ലാസ്റ്റിക്,എൽ.ഇ.ഡി നക്ഷത്രങ്ങൾ കടകളിൽ നിറഞ്ഞിട്ടുണ്ട്. മഴയും മഞ്ഞും കൊണ്ടാൽ നശിക്കാത്ത ഇത്തരം നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്. 60 രൂപ മുതൽ 350 വരെയാണ് വില. 200 മുതൽ 2,000 രൂപ വരെയുളള എൽ.ഇ.ഡി സ്റ്റാറുകളും സജീവമാണ്. വാൽനക്ഷത്രങ്ങളും വിൽപ്പയ്ക്കുണ്ട്. കളങ്കാവൽ, കാന്താര 2 നക്ഷത്രങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. പ്ലാസ്റ്റിക് ഫ്രെയിമിൽ നിയോൺ വരുന്നവയാണ് കാന്താര 2 നക്ഷത്രങ്ങൾ. എട്ടു നിറങ്ങളിൽ ഇവ ലഭ്യമാണെങ്കിലും ചുവപ്പ്, ഇളം മഞ്ഞ നിറങ്ങളാണ് വിറ്റഴിയുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വലിപ്പമനുസരിച്ച് 200, 400, 600 എന്നിങ്ങനെയാണ് വിലനിലവാരം. എട്ടുവാലുള്ള എൽ.ഇ.ഡി നക്ഷത്രമാണ് കളങ്കാവൽ. ഇവയ്ക്ക് 390 മുതലാണ് വില. റെഡിമെയ്ഡ് പുൽക്കൂടിനും വൻ ഡിമാൻഡാണ്. 400രൂപ മുതലാണ് വില. പുൽക്കൂടിൽ വയ്ക്കുന്ന രൂപങ്ങൾ, ക്രിസ്മസ് ട്രീ, അലങ്കാരവസ്തുക്കൾ എന്നിവ വാങ്ങാനും നിരവധി പേരാണ് എത്തുന്നത്.
ചൈനയിൽനിന്ന്
ചൈന മാർക്കറ്റിൽ നിന്നുള്ളവയാണ് ക്രിസ്തുമസ് വിപണിയിലെത്തിയിരിക്കുന്നതിൽ കൂടുതലും. പല വ്യാപാരികളും ചൈനയിൽ നിന്ന് രണ്ടും മൂന്നും കണ്ടെയ്‌നറുകളാണ് ക്രിസ്തുമസ് വിപണി ലക്ഷ്യം വച്ച് ഇറക്കിയിരിക്കുന്നത്. സാന്താക്ലോസ് വസ്ത്രങ്ങളും വിവിധതരം തൊപ്പികളും വിപണിയിലുണ്ട്.
കേക്ക് വിപണി സജീവം
കേക്കില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം ?. വ്യത്യസ്ത തരം കേക്കുകളാണ് ഇത്തവണയും വിപണിയിൽ എത്തുന്നത്. ആവശ്യക്കാർക്ക് വേണ്ട രീതിയിൽ രൂപകൽപ്പന ചെയ്ത് കേക്കുകൾ ഉണ്ടാക്കി നൽകും. പ്ലം കേക്കുകൾ,ക്രീം കേക്കുകൾ, ഡേറ്റ്‌സ് കേക്കുകൾ തുടങ്ങി നിരവധി കേക്കുകളാണ് മാർക്കറ്റിൽ. പ്രമുഖ ഹോട്ടലുകളും സ്ഥാപനങ്ങളും കേക്ക് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.