മേയർ : ചരടുവലികൾക്ക് കടിഞ്ഞാണിടാൻ നേതൃത്വം
തൃശൂർ: മേയർ ആരായിരിക്കുമെന്നത് സംബന്ധിച്ച ചർച്ചകൾ ചൂടു പിടിക്കുമ്പോൾ, കരുനീക്കങ്ങളും പ്രസ്താവനകളുമെല്ലാം ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വം. കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടന്ന ശേഷമേ ഇത്തരം ചർച്ചകളിലേക്ക് കടക്കുകയുള്ളൂവെന്നാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച് മുതിർന്ന നേതാക്കളുടെ നിലപാട് കൂടി മുഖവിലയ്‌ക്കെടുത്താകും മേയറെ തെരഞ്ഞെടുക്കുകയെന്നും നേതൃത്വം വ്യക്തമാക്കുന്നു.
ജില്ലയിൽ നേടിയ വൻവിജയത്തിലൂടെയുണ്ടായ പാർട്ടിയിലെ കരുത്തും ഒത്തൊരുമയും കുറയ്ക്കുന്ന തരത്തിൽ വിവാദങ്ങൾ ഉണ്ടാകരുതെന്ന കർശന നിലപാടാണ് മുതിർന്ന നേതാക്കൾക്കുള്ളത്. സ്ഥാനാർത്ഥി നിർണയത്തിനിടെ ശക്തമായ നിലപാടെടുത്തതും കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായി. വിമതശബ്ദം ഉയർത്തിയവരെ ആശ്വസിപ്പിച്ചും വിമതർക്കെതിരെ നടപടിയെടുത്തുമെല്ലാമാണ് അച്ചടക്കമുണ്ടാക്കിയത്. സീറ്റ് കിട്ടാതെ പരാതി പറഞ്ഞവരെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാക്കി.
ആധികാരികവിജയം, പരിചയസമ്പന്നർ....
33 ഡിവിഷനിൽ കോൺഗ്രസിന്റെ ആധികാരിക വിജയത്തിന്റെ കാരണങ്ങളിലൊന്ന് പരിചയസമ്പന്നരായ വനിതകളെ സ്ഥാനാർത്ഥികളാക്കിയതാണ്. അതുകൊണ്ട് അഡ്വ.സുബി ബാബു, ലാലി ജെയിംസ്, ഡോ.നിജി ജസ്റ്റിൻ, ശ്യാമള മുരളീധരൻ, ഷീന ചന്ദ്രൻ എന്നിവർ മേയർ സ്ഥാനത്തേക്കുള്ള ചർച്ചകളിലും ഇടം പിടിച്ചു. മേയർ സ്ഥാനത്തേക്ക് ആദ്യപേരുകാരിയായി പരിഗണിക്കപ്പെടുന്ന സുബി ബാബു മുൻ ഡെപ്യൂട്ടി മേയറായിരുന്നു. ഗാന്ധിനഗറിൽ നിന്ന് വിജയിച്ച സുബി, ഡെപ്യൂട്ടി മേയർ എന്ന നിലയിൽ നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചത്. കെ.പി.സി.സി അംഗവുമാണ്. അതേസമയം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ.പി.സി.സി സെക്രട്ടറി കൂടിയായ എ.പ്രസാദിന്റെ പേരാണ് ഇപ്പോഴും ചർച്ചയിലുള്ളത്.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയാകാൻ മേരി തോമസ്
വാഴാനി ഡിവിഷനിൽ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മേരി തോമസ് ജില്ലാപഞ്ചായത്ത് പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ മേരി തോമസ് സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. നേരത്തേ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുമുണ്ട്. 2016ൽ വടക്കാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വരെ പ്രൊഫഷണൽ സമീപനമാണ് കോൺഗ്രസിനുള്ളത്. അത് തന്നെയാകും ഇക്കാര്യത്തിലും.
ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്.