ഇരിങ്ങാലക്കുട നഗരസഭ : അഞ്ചുവർഷം അദ്ധ്യക്ഷനാകാൻ എം.പി.ജാക്‌സൺ ?
ഇരിങ്ങാലക്കുട : നഗരസഭയിൽ ആറാം തവണയും വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ കോൺഗ്രസ് ഇപ്രാവശ്യം ചെയർമാനായി എം.പി.ജാക്‌സനെ അഞ്ച് വർഷത്തേക്കും നിശ്ചയിച്ചേക്കും. അധികാരത്തിലെത്തിയ രണ്ടുവട്ടവും വനിതകളായ മൂന്നുപേർക്ക് വീതം ചെയർമാൻ സ്ഥാനം പങ്കിട്ടു നൽകിയതാണ് വികസനപ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടാകാൻ കാരണമെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. കോൺഗ്രസിന് 21 സീറ്റ് കിട്ടിയതിനാൽ ഘടകകക്ഷികളുടെ മറ്റ് സമ്മർദ്ദങ്ങൾക്കും വഴങ്ങിയേക്കില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു സീറ്റാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസ് വിമതരായി വിജയിച്ച രണ്ടുപേരിൽ ചന്തക്കുന്നിൽ നിന്നും വിജയിച്ച ജോസഫ് ചാക്കോ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തതോടെ 22 സീറ്റ് എന്ന നിലയിലേക്കും പാർട്ടിയെത്തും. നിലവിലെ കൗൺസിലിൽ രണ്ടംഗങ്ങളാണ് കേരള കോൺഗ്രസിനുണ്ടായിരുന്നത്. അതിനാൽ ഒരാൾക്ക് ഒരുവർഷക്കാലത്തെ വൈസ് ചെയർമാൻ സ്ഥാനവും മറ്റൊരാൾക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും നൽകിയിരുന്നു.
കരുവന്നൂർ ചതിച്ചില്ലെന്ന്
ഇടതുമുന്നണിക്ക് കഴിഞ്ഞവർഷം 16 സീറ്റുണ്ടായിരുന്നത് 13 ആയി കുറഞ്ഞെങ്കിലും കരുവന്നൂർ ബാങ്ക് സ്ഥിതിചെയ്യുന്ന പൊറത്തിശ്ശേരി മേഖലയിൽ നിന്ന് 11 സീറ്റ് നേടാനായത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ടൗൺ മേഖലയിൽ എൽ.ഡി.എഫ് തരിപ്പണമായി. സി.പി.എമ്മിനും സി.പി.ഐക്കും ഇവിടെ ഓരോ സീറ്റാണ് ലഭിച്ചത്. ചെയർമാൻ സ്ഥാനാർത്ഥിയായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടിയ സി.പി.എം ജില്ലാകമ്മിറ്റിയംഗം ആർ.എൽ.ശ്രീലാൽ പരാജയപ്പെട്ടു. അതേസമയം രണ്ടുവട്ടം കൗൺസിലറായിരുന്ന സി.സി.ഷിബിനും മുൻ കൗൺസിലർ പി.വി.ശിവകുമാറും വിജയിച്ചു. മൂന്നുതവണ കൗൺസിലറായിരുന്ന അൽഫോൺസ ടീച്ചറായിരിക്കും സി.പി.ഐയെ നയിക്കുക.
രണ്ട് സീറ്റ് കുറഞ്ഞ് ബി.ജെ.പി
എട്ട് കൗൺസിലർമാരുണ്ടായിരുന്ന ബി.ജെ.പിക്ക് രണ്ട് സീറ്റ് കുറവാണ് ലഭിച്ചത്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് തോൽവിക്ക് കാരണമെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുമ്പോൾ പത്ത് വർഷത്തെ മോദി ഭരണത്തിന്റെ വികസനപ്രവർത്തനം ജനങ്ങളിലെത്തിക്കാൻ പ്രാദേശിക നേതാക്കൾക്കായില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ കുറ്റപ്പെടുത്തൽ. മൂന്നുതവണ കൗൺസിലറായിരുന്ന സന്തോഷ് ബോബനെ വ്യക്തമായ ഭൂരിപക്ഷമുള്ള വാർഡുകളിൽ പരിഗണിക്കേണ്ടതായിരുന്നുവെന്നും പറയുന്നു. നിലവിലെ കൗൺസിലർമാരിൽ ഏഴു പേരെ മത്സരിപ്പിക്കുകയും ഒരാളുടെ ഭർത്താവിനെ മത്സരിപ്പിക്കുകയുമാണ് ചെയ്തത്. ഇതിൽ മൂന്നുപേർ വിജയിച്ചു. അതേസമയം ബി.ഡി.ജെ.എസിന് ഇത്തവണ സീറ്റുകൾ നൽകാൻ നേതൃത്വം തയ്യാറായതുമില്ല. അതിനാൽ ബി.ഡി.ജെ.എസ് വിട്ടുനിന്നു.