ഓൺലൈൻ തട്ടിപ്പ് ഏറ്റവും കൂടുതൽ നടന്നത് ഇന്ത്യയിലെ ഈ സംസ്ഥാനത്ത്, മൂന്ന് വർഷത്തിനിടെ നഷ്ടമായത് 5000 കോടി
ബംഗളൂരു: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക രഹസ്യങ്ങൾ എന്നിവ മോഷ്ടിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് സൈബർ തട്ടിപ്പുകൾ എന്ന് പൊതുവെ പറയുന്നത്. വ്യാജ കോളുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ, ഡാർക്ക് വെബ് ടൂളുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ ആളുകളുടെ പണവും വിവരങ്ങളും കവർന്നെടുക്കുന്നു.
ഇപ്പോഴിതാ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമായി മാറുകയാണ് ഐടി മേഖലയിൽ മുന്നിട്ട് നിൽക്കുന്ന കർണാടക. ഐടിയുടെ വളർച്ചയ്‌ക്കൊപ്പം തന്നെ തട്ടിപ്പുകേസുകളുടെ എണ്ണത്തിലും തട്ടിയെടുത്ത പണത്തിന്റെ കണക്കിലും സംസ്ഥാനം മറ്റുള്ളവയേക്കാൾ മുന്നിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2023 മുതൽ ഈ വർഷം ഡിസംബർ വരെ) 5,000 കോടിയിലധികം രൂപയാണ് കർണാടകത്തിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.
നിങ്ങളുടെ പേരിലെടുത്ത 250 ആധാർ കാർഡുകൾ ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്ന് പറഞ്ഞ് മുംബയ് ക്രൈം ബ്രാഞ്ചിൽ നിന്നാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ നടത്തുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് അവസാനമായി ഇരയായത് ബംഗളൂരുവിൽ നിന്നുള്ള 82 വയസുകാരനാണ്. ഇദ്ദേഹത്തിന് രണ്ട് കോടിയിലധികം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഈ പരാതി കൂടി എത്തിയതോടെ ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത സൈബർ കേസുകളുടെ എണ്ണം 13,000 കടന്നു.
22,255 കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്,. അതിൽ നഷ്ടപ്പെട്ടത് 873 കോടിയിലധികം രൂപ. എന്നാൽ തെളിയിക്കപ്പെട്ടത് 6,159 കേസുകൾ മാത്രമാണ്. വീണ്ടെടുക്കാൻ സാധിച്ചതാകട്ടെ 177 കോടി രൂപയും. 2024ൽ രജിസ്റ്റർ ചെയ്തത് 22,478 കേസുകളിൽ നഷ്ടപ്പെട്ടത് 2,562 കോടി. തെളിയിക്കാനായത് 3,549 കേസുകൾ. ഈ വർഷം ഡിസംബർ വരെ 13,000ത്തോളം കേസുകളാണ് സൈബർ പോലീസിന്റെ മുന്നിലെത്തിയത്. കേസുകളുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ കുറവാണെങ്കിലും നഷ്ടപ്പെട്ട തുക ഇതിനോടകം തന്നെ രണ്ടായിരം കോടി കവിഞ്ഞു.
തട്ടിപ്പിന് ഇരയാകുന്നവർ കഷ്ടപ്പെട്ട് സ്വരൂപിച്ച സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ ആവർത്തിച്ച് ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ടെങ്കിലും, സിനിമാക്കാർ, ഉന്നത സർക്കാർ തസ്തികകളിൽ നിന്ന് വിരമിച്ചവർ, ജനപ്രതിനിധികൾ അടക്കം ഉന്നത സ്ഥാനങ്ങളിലുള്ളവർ പോലും തട്ടിപ്പിന് ഇരയാകുന്നു എന്നതാണ് യാഥാർത്ഥ്യം. തട്ടിപ്പുകാർ വിപിഎന്നുകളും, എൻക്രിപ്റ്റ്ഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും, ഡാർക്ക് വെബ് ടൂളുകളും ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപകമാക്കുന്നത്.