കോൺ. റാലിയിലെ മോദി വിരുദ്ധ മുദ്രാവാക്യം: എതിർപ്പുമായി ബി.ജെ.പി

Tuesday 16 December 2025 12:38 AM IST

ന്യൂഡൽഹി: ഞായറാഴ്‌ച ന്യൂഡൽഹി രാംലീലാ മൈതാനിയിൽ നടന്ന കോൺഗ്രസ് വോട്ട് കൊള്ള റാലിക്കിടെ ചില പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇല്ലാതാക്കും' എന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഇതേ ചൊല്ലിയുള്ള വാക്‌പോരിൽ ലോക്‌സഭ ഉച്ചവരെയും രാജ്യസഭ 12 വരെയും നിറുത്തിവച്ചു.

ലോക്‌സഭയിൽ വിഷയം ഉന്നയിച്ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ഇത് ഏറ്റവും നിർഭാഗ്യകരമായ സംഭവമാണ്. ജനാധിപത്യത്തിൽ അനുവദനീയമായ രീതിയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമെങ്കിലും ഒരാളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നത് ശരിയല്ല. ഇത് ഏത് തരം മാനസികാവസ്ഥയാണ്. ലോകവും രാജ്യവും മോദിയെ അംഗീകരിക്കുന്നു. ചില പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ദുഃഖകരമാണ്. അതിനെ അപലപിച്ചാൽ മാത്രം പോര. കോൺഗ്രസ് അദ്ധ്യക്ഷനും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സഭയിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് റിജിജു ആവശ്യപ്പെട്ടു.

റിജിജുവിന് പിന്തുണയുമായി ബി.ജെ.പി അംഗങ്ങളും എതിർത്ത് കോൺഗ്രസ് എംപിമാരും എഴുന്നേറ്റു നിന്ന് വാക് പോര് തുടങ്ങിയതോടെ ലോക്‌സഭ തടസപ്പെടുകയായിരുന്നു. രാജ്യസഭയിൽ സഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയാണ് വിഷയം ഉന്നയിച്ചത്. റാലിയിൽ നടന്ന സഭവം കോൺഗ്രസിന്റെ ചിന്തയും രീതികളുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.