നിതിൻ നബിൻ ചുമതലയേറ്റു
ന്യൂഡൽഹി: ബീഹാർ മന്ത്രി നിതിൻ നബിൻ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ തുടങ്ങിയവർ പങ്കെടുത്തു. ജനുവരിയിൽ നദ്ദയുടെ പിൻഗാമിയായി നിതിൻ ദേശീയ അദ്ധ്യക്ഷ പദവിയിലെത്തുമെന്നാണ് സൂചന. ഞായറാഴ്ചയാണ് ബി.ജെ.പി പാർലമെന്ററി ബോർഡ് അടിയന്തര പ്രാബല്യത്തോടെ നബിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. 45കാരനായ നബിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചതോടെ ബി.ജെ.പി തലമുറ മാറ്റത്തിന് വിധേയമാകുകയാണ്.
ഇപ്പോഴത്തെ ദേശീയ അദ്ധ്യക്ഷൻ നദ്ദയും 2019ൽ വർക്കിംഗ് പ്രസിഡന്റായാണ് എത്തിയത്. 2020ൽ അന്നത്തെ അദ്ധ്യക്ഷൻ ഷായുടെ പിൻഗാമിയായി. സമാനമായ രീതിയിൽ ജനുവരിയിൽ നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തിൽ നബിനും അദ്ധ്യക്ഷനായി നിയമിക്കപ്പെടുമെന്നാണ് സൂചന. ഒപ്പം പുതിയ പ്രഭാരിമാർ അടക്കം ഒരു കൂട്ടം നേതാക്കളും എത്തും. ബീഹാറിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നബിൻ നിതീഷ് കുമാർ സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.