ഉധംപൂരിൽ ഏറ്റുമുട്ടൽ, ഒരു പൊലീസുകാരന് വീരമൃത്യു; ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു. എസ്.ഒ.ജിയിലെ പൊലീസുകാരൻ അംജദ് പത്താനാണ് വീരമൃത്യു വരിച്ചത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഉധംപൂരിലെ മജൽട്ട ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് 6ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്ന് പേരുടെ സംഘം ഇവിടെയുണ്ടെന്നാണ് വിവരം. ജമ്മു കാശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (എസ്.ഒ.ജി) സി.ആർ.പി.എഫിന്റെയും സംയുക്ത സംഘമാണ് ഭീകരരെ വളഞ്ഞിരിക്കുന്നതെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർത്തു. ഇതോടെ സൈനികരും തിരിച്ചടിച്ചു. ഭീകരർ രക്ഷപ്പെടാൻ സാദ്ധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്.