ദേശീയപാത തകർച്ച: അഴിമതി ആരോപിച്ച് കെ.സി.വേണുഗോപാൽ
ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമപരമായ കൊള്ളയാണ് നടക്കുന്നതെന്ന് കോൺഗ്രസ് എം.പി കെ.സി.വേണുഗോപാൽ ലോക്‌സഭയിൽ ആരോപിച്ചു. ദേശീപാത നിർമ്മാണത്തിലും കരാർ നൽകിയതിലും വൻ ക്രമക്കേടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ പാതാ 66ലെ അഴിയൂർ-വെങ്ങളം റീച്ചിൽ 1838 കോടിക്ക് കരാർ ലഭിച്ച അദാനി എന്റർപ്രൈസസ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് ഇൻഫ്ര കമ്പനിക്ക് 971 കോടി രൂപയ്ക്ക് ഉപകരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. ഉപകരാർ ലഭിച്ച കമ്പനിക്ക് ഒരു കിലോമീറ്ററിന് 23.7 കോടി രൂപ മതിയെന്നിരിക്കെ അദാനിക്ക് ഒരു കി.മീറ്ററിന് 45 കോടി രൂപ ചെലവ് കണക്കാക്കിയതിന്റെ യുക്തിയും അദ്ദേഹം ചോദ്യം ചെയ്തു.
2016-ൽ മോദി സർക്കാർ കൊണ്ടുവന്ന എച്ച്.എ.എം മാതൃകയിലൂടെ കൂടുതൽ പണം കരാറുകാരന് നൽകുന്നത് വൻ നഷ്ടമുണ്ടാക്കുന്നു. ഒരു ഇഷ്ടിക പോലും വെക്കാതെ 2,000 കോടിയിലധികം ലാഭമുണ്ടാക്കുന്ന മാതൃകയാണിതെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ വിവിധ റീച്ചിലുകളിൽ കരാർ തുക നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.