ആര്യ എന്നെക്കാൾ മികച്ച മേയർ: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിന് വീണ്ടും അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യാ രാജേന്ദ്രൻ മികച്ച മേയറെന്ന് എല്ലാവരും പറഞ്ഞേനെയെന്ന് മന്ത്രി വി. ശിവൻകുട്ടി. തന്നെക്കാൾ മികച്ച മേയറായിരുന്നു ആര്യ. അഞ്ചുവർഷം തിരുവനന്തപുരം മേയർ ആയിരുന്നയാളാണ് താൻ. അക്കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസനം ഇപ്പോൾ നടന്നിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ആര്യ നേടിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ കാരണങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്തശേഷമേ പറയാനാകൂ. ജനവിധിയെ മാനിക്കുന്നു. വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ ഇടതുപക്ഷത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ട്. പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ടു വരും.
എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ജനാധിപത്യപരമായി അധികാരത്തിൽവന്ന ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്നായിരുന്നു മറുപടി.