ലൈംഗികാതിക്രമം: രണ്ടാനച്ഛന് 19വർഷം കഠിനതടവും 50,000 രൂപ പിഴയും

Tuesday 16 December 2025 1:56 AM IST
സുനിൽകുമാർ

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ രണ്ടാനച്ഛനായ പ്രതിക്ക് 19 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുന്നേൽ സുനിൽകുമാർ (41)നെയാണ് ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസ് ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാൽ 40,000 രൂപ അതിജീവിതക്ക് നൽകുന്നതിനും ഉത്തരവായി. 2024 മാർച്ച് 28നാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന ത്രിദീപ് ചന്ദ്രൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായിരുന്ന എം.അനിൽകുമാർ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. വിചാരണയ്ക്കി‌ടെ പ്രതി ഒളിവിൽ പോയെങ്കിലും മുണ്ടക്കയം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.