ഞങ്ങൾ തോറ്റിട്ടില്ല,തോറ്റചരിത്രം കേട്ടിട്ടില്ല കണക്കുകൾ നിരത്തി 'ജയിച്ച് 'സി.പി.എമ്മും മാണിയും

Tuesday 16 December 2025 1:58 AM IST

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി കോട്ടയത്ത് പിന്നിലായിട്ടില്ലെന്ന് കണക്കുകൾ നിരത്തി സി.പി.എമ്മും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പും.

സിപിഎം

പ്രാഥമിക വിലയിരുത്തൽ

2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വാർഡുകളിൽ കുറവുണ്ടായിട്ടില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. ചെറിയ മാർജിനിലും നറുക്കിലുമാണ് ചില സീറ്റുകൾ നഷ്ടമായത്.

പാർട്ടിയുടെ ജനകീയ അടിത്തറയ്‌ക്ക് മാറ്റമുണ്ടായിട്ടില്ല. ശബരിമല സ്വർണപ്പാളി വിഷയം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ല.

ബി.ജെ.പിയുടെ വളർച്ച പാർട്ടിയെ ബാധിച്ചിട്ടില്ല. ബി.ജെ.പി സ്വാധീന മേഖലകളിൽ പോലും സീറ്റു ലഭിച്ചു. ബി.ജെപിയുടെ സ്വാധീനം പലയിടത്തും കുറക്കാനും കഴിഞ്ഞു.

പാർട്ടി കീഴ് ഘടകങ്ങളിൽ നിന്നു നൽകിയ കണക്കുകൾ ശരിയായില്ല.അമിത ആത്മ വിശ്വാസം ദോഷമായി. നിരവധി തദ്ദേശ സ്ഥാപന വാർഡുകളിൽ ബി.ജെ.പി യുഡിഎഫ് കൂട്ടുകെട്ട് ഉണ്ടായി. പരസ്പരം സ്ഥാനാർത്ഥിയെ നിറുത്താതെയും വോട്ടു മറിച്ചും സഹായിച്ചു ബി.ജെ.പിക്ക് പലയിടങ്ങളിൽ ജയിക്കാനും രണ്ടാമതെത്താനും ഇത് സഹായക മായി.

സ്ഥാനാർത്ഥി നിർണയത്തിൽ ചില നേതാക്കളുടെ ഇടപെടൽ ദോഷകരമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താഴെ തട്ടിലുള്ള പ്രവർത്തനം ശക്തമാക്കണം.

പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്ത് തലത്തിലുള്ള വിലയിരുത്തലിനു ശേഷം സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലാകും വിശദമായ റിപ്പോർട്ട്.

കേരള കോൺ. (എം)

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ പാർട്ടിക്ക് വലിയ ദോഷം സംഭവിച്ചില്ലെന്നാണ് കേരള കോൺഗ്രസ് (എം) വിലയിരുത്തൽ. 2020ൽ 208 സീറ്റ് വിജയിച്ചിടത്ത് ഇത്തവണ 152 ആയി.

പാലാ നിയോജക മണ്ഡലത്തിൽ വൻ പരാജയം ഉണ്ടായെന്ന യു.ഡി.എഫ്പ്ര ചാരണം ശരിയല്ല. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 സീറ്റുകളും നിലനിർത്തി. ഗ്രാമപഞ്ചായത്ത് - മുനിസിപ്പൽ വാർഡുകളിൽ യു.ഡി.എഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽ.ഡി.എഫിന് നാലു സീറ്റേ കുറഞ്ഞുള്ളൂ.87 ലഭിച്ചു.

ഭരണങ്ങാനം ഡിവിഷൻ നിലനിർത്തിയതിനു പുറമേ ഉഴവൂർ ഡിവിഷനിൽ വിജയിച്ചു കിടങ്ങൂർ ഡിവിഷൻ തിരിച്ചുപിടിച്ചു. പാലായിൽ നിലവിൽ ഉണ്ടായിരുന്ന 44വാർഡുകൾ 47 ആക്കി ഉയർത്താനായി.

പാലാ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്തിലും,നഗരസഭയിലും വിജയിക്കാനും കൂടുതൽ സീറ്റുകൾ നേടാനുമായി .ഏഴു പഞ്ചായത്തുകൾ യു.ഡി.എഫിൽ നിന്നും തിരിച്ചുപിടിച്ചു. ജോസഫ് ഗ്രൂപ്പുമായി തുലനം ചെയ്താൽ ജില്ലയിൽ പാർട്ടിക്ക്ഒരു കോട്ടവും സംഭവിച്ചിട്ടില്ല നേട്ടമെന്നാണ് പൊതു വിലയിരുത്തൽ.