സംവിധായകൻ റോബ് റെയ്‌നറും ഭാര്യയും കുത്തേറ്റു മരിച്ചു  മകൻ അറസ്റ്റിൽ

Tuesday 16 December 2025 6:40 AM IST

ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകനും നടനും നിർമ്മാതാവുമായ റോബ് റെയ്‌നറിനെയും (78) ഭാര്യ മിഷേൽ സിംഗറെയും (68) കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. യു.എസിലെ ലോസ് ആഞ്ചലസിലെ ബ്രെന്റ്‌വുഡിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മകൻ നിക്കിനെ (32)​ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം,ഞായറാഴ്ച വൈകിട്ട് 3.38ഓടെയാണ് ഇരുവരും കൊല്ലപ്പെട്ട വിവരം അധികൃതർക്ക് ലഭിച്ചത്. വീട്ടിലെത്തിയ മകൾ റോമിയാണ് മൃതദേഹങ്ങൾ കണ്ടത്. ജേക്ക് ആണ് ദമ്പതികളുടെ മറ്റൊരു മകൻ. നിക്ക് മുമ്പ് ലഹരിക്ക് അടിമയായിരുന്നു. 1960കളുടെ മദ്ധ്യത്തിൽ ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ റോബിന് സിനിമകളിലും അവസരം ലഭിച്ചു. ഓൾ ഇൻ ദ ഫാമിലി (1971-1979) എന്ന പരമ്പരയിലൂടെ രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ നേടി. സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ (1993),ദ സ്റ്റോറി ഒഫ് അസ് (1999),ദ വുൾഫ് ഒഫ് വാൾസ്ട്രീറ്റ് (2013) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 1984ൽ ദിസ് ഈസ് സ്‌പൈനൽ ടാപ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. ദ ഷുവർ തിംഗ് (1985), സ്റ്റാൻഡ് ബൈ മീ (1986), ദ പ്രിൻസസ് ബ്രൈഡ് (1987), വെൻ ഹാരി മെറ്റ് സാലി (1989) മിസറി (1990), എ ഫ്യൂ ഗുഡ് മെൻ (1992) തുടങ്ങി അദ്ദേഹം സംവിധാനം ചെയ്‌ത ചിത്രങ്ങൾ ഏറെ ശ്രദ്ധനേടി. മികച്ച സംവിധായകനുള്ള നാല് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ നേടി. നടി പെന്നി മാർഷൽ ആയിരുന്നു റോബിന്റെ ആദ്യ ഭാര്യ. പത്ത് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ 1981ൽ ഇരുവരും വേർപിരിഞ്ഞു. 1989ലാണ് റോബും ഫോട്ടോഗ്രാഫറായ മിഷേലും വിവാഹിതരായത്.