സിഡ്നി വെടിവയ്‌പ്: പ്രതികൾക്ക് ഐസിസ് ബന്ധം അക്രമികൾ അച്ഛനും മകനും മരണം 15
കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രതികൾക്ക് ഭീകര സംഘടനയായ ഐസിസുമായി ബന്ധമെന്ന് റിപ്പോർട്ട്. 15 പേരുടെ ജീവനെടുത്ത വെടിവയ്പ് നടത്തിയത് പാകിസ്ഥാനി വംശജരായ സാജിദ് അക്രവും (50), മകൻ നവീദ് അക്രവുമാണ് (24).
സാജിദിനെ പൊലീസ് സംഭവ സ്ഥലത്ത് തന്നെ വെടിവച്ചു കൊന്നു. വെടിയേറ്റ നവീദ് ഗുരുതരാവസ്ഥയിലാണ്. രണ്ട് പേരും ഐസിസിന്റെ ആശയങ്ങളിൽ വിശ്വസിച്ചിരുന്നവരാണ്. എന്നാൽ, ഒരു വലിയ ഭീകര സെല്ലിന് വേണ്ടി അല്ല ഇവർ ആക്രമണം നടത്തിയതെന്നും, മറിച്ച് തീവ്രവാദ പ്രത്യയശാസ്ത്രത്തിൽ പ്രചോദനം കൊണ്ട് സ്വമേധയാ കുറ്റകൃത്യം നടപ്പാക്കുകയായിരുന്നെന്നും പൊലീസും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും വ്യക്തമാക്കി. വിശദ അന്വേഷണം തുടരുകയാണ്.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ പ്രതികളുടെ കാറിൽ ഐസിസ് പതാകകൾ കണ്ടെത്തി. ഇതേ കാറിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊലീസ് നിർവീര്യമാക്കിയിരുന്നു. സിഡ്നി ആസ്ഥാനമായ ഐസിസ് സെല്ലുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ 2019ൽ നവീദിനെതിരെ ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എ.എസ്.ഐ.ഒ) അന്വേഷണം നടത്തിയിരുന്നു.
എന്നാൽ ഇയാൾ ഭീഷണി ഉയർത്തുമെന്ന സൂചനകളൊന്നും അന്ന് അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചില്ല. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 6.47ന് ജൂത ആഘോഷമായ ഹാനക്കയുടെ ഭാഗമായി ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെയായിരുന്നു വെടിവയ്പ്. 43 പേർക്ക് പരിക്കേറ്റു. ഗാസ യുദ്ധം ആരംഭിച്ചശേഷം ഓസ്ട്രേലിയയിൽ ജൂത വംശജരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണുണ്ടായത്.
ആക്രമണങ്ങൾ തടയാൻ ഓസ്ട്രേലിയൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓസ്ട്രേലിയൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു ഇസ്രയേലി പൗരനുമുണ്ട്.
# സ്റ്റുഡന്റ് വിസയിൽ എത്തി
സാജിദ് ഓസ്ട്രേലിയയിലെത്തിയത് 1998ൽ സ്റ്റുഡന്റ് വിസയിൽ. ഇയാൾ പാകിസ്ഥാനിലെ ലാഹോർ സ്വദേശിയെന്ന് വിവരം. ഓസ്ട്രേലിയൻ പൊലീസ് ഇക്കാര്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
സ്ഥിരതാമസാനുമതി നേടിയ സാജിദ് പഴക്കട നടത്തുകയായിരുന്നു. തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് നേടി. ലൈസൻസുള്ള ആറ് തോക്കുകൾ കൈയ്യിലുണ്ടായിരുന്നു
നവീദിന് ഓസ്ട്രേലിയൻ പൗരത്വമുണ്ട്. ഇയാൾ തൊഴിൽരഹിതൻ
കുടുംബം താമസിച്ചിരുന്നത് ബോണ്ടി ബീച്ചിനടുത്തുള്ള ബോണിറിഗ്ഗിൽ. ഒരു യാത്രയ്ക്ക് പോകുന്നെന്ന് കുടുംബാംഗങ്ങളെ ധരിപ്പിച്ച ശേഷം അച്ഛനും മകനും ന്യൂ സൗത്ത് വെയ്ൽസിലെ ക്യാമ്പ്‌സിയിൽ വാടക വീടെടുത്തു. ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത് ഇവിടെ വച്ച്