ചിലി പ്രസിഡന്റ് തിര.: തീവ്ര വലതുപക്ഷ നേതാവ് ഹോസെ അന്റണിയോ കാസ്‌റ്റിന് ജയം

Tuesday 16 December 2025 6:49 AM IST

സാന്റിയാഗോ: തീവ്ര വലതുപക്ഷ നേതാവ് ഹോസെ അന്റണിയോ കാസ്റ്റിനെ ( 59 )​ ചിലിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. മാർച്ച് 11ന് അധികാരമേൽക്കും. ഭരണകക്ഷിയായ ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി ജാനറ്റ് ഹാരയ്ക്കെതിരെ 58 ശതമാനം വോട്ട് നേടിയാണ് ഹോസെയുടെ ജയം. ജാനറ്റിന് 41 ശതമാനം വോട്ടാണ് ലഭിച്ചത്. മൂന്നാം തവണയാണ് ഹെസെ പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിച്ചത്. 1990ൽ രാജ്യത്ത് സൈനിക സ്വേച്ഛാധിപത്യം അവസാനിച്ച ശേഷം വലതുപക്ഷത്തേക്കുണ്ടായ ഏറ്റവും വലിയ മാറ്റമാണിത്. രാജ്യത്തെ സുരക്ഷാ ഭീഷണികൾ ഇല്ലാതാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നുമാണ് ഹോസെയുടെ പ്രഖ്യാപനം. ചിലിയുടെ നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഗബ്രിയേൽ ബോറികിന് ജനപ്രീതിയിൽ കുത്തനെ ഇടിവ് സംഭവിച്ചിരുന്നു. അർജന്റീന, ഇക്വഡോർ, കോസ്റ്റ റീക്ക, എൽ സാൽവഡോർ എന്നിവിടങ്ങളിൽ ഉൾപ്പെടെ സമീപകാലത്തുണ്ടായ ലാറ്റിൻ അമേരിക്കൻ തിരഞ്ഞെടുപ്പുകളും വലതുപക്ഷ ജയത്തിന് വഴിയൊരുക്കിയിരുന്നു.