ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Tuesday 16 December 2025 10:23 AM IST

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച ആറ് വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ. തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ക്ലാസ് മുറിയിൽ വട്ടത്തിലിരുന്നായിരുന്നു മദ്യപാനം. ക്ലാസിലുണ്ടായിരുന്ന ഒരു പെൺകുട്ടി ഫോണിൽ വീഡിയോ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തത്.

വിദ്യാർത്ഥിനികൾക്ക് മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.