സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവിനെ കാറിലിട്ട് കത്തിച്ചു
മുംബയ്: താൻ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടാനായി കൊലപാതകം നടത്തിയ യുവാവ് അറസ്‌റ്റിൽ. ലാത്തൂർ സ്വദേശി ഗണേഷ് ചവാനാണ് സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടത്തിയത്. ശനിയാഴ്‌ച മഹാരാഷ്‌ട്രയിലാണ് സംഭവം നടന്നത്. ഗണേഷിന്റെ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ഗോവിന്ദ് യാദവ് എന്ന യുവാവിനെ ഇയാൾ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട് പണിക്കെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഇതിനായി ഒരു കോടി രൂപയുടെ ഇൻഷുറൻസിൽ ചേർന്ന ശേഷം താൻ മരിച്ചെന്ന് വരുത്തി തീർക്കാൻ ഇയാൾ പദ്ധതിയിടുകയായിരുന്നു. അതിന്റെ ഭാഗമായി ഔസയിൽ നിന്ന് ഗോവിന്ദ് യാദവ് എന്നയാൾക്ക് ഗണേഷ് ലിഫ്റ്റ് നൽകി. മദ്യം നൽകി ബോധം കെടുത്തിയ ശേഷം ഇയാളെ ഡ്രൈവിംഗ് സീറ്റിനരികിലേക്ക് മാറ്റി. തുടർന്ന് കാറിന് തീയിട്ടു. താനാണ് മരിച്ചതെന്ന് ബോദ്ധ്യപ്പെടുത്താനായി തന്റെ ബ്രെയ്‌സ്‌ലെറ്റും ഇയാൾ മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചിരുന്നു.
മരിച്ചതാരെന്ന് തിരിച്ചറിയാത്തതിനാൽ പൊലീസ് കാറിന്റെ ഉടമയെ കണ്ടെത്തി അന്വേഷണം നടത്തി. തന്റെ ബന്ധുവായ ഗണേഷ് ചവാന് വാഹനം കടം കൊടുത്തെന്ന് ഉടമ പറഞ്ഞതിനെ തുടർന്ന് ഗണേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ മരിച്ചത് ഗണേഷ് ചവാനാണെന്ന് പൊലീസ് ഉറപ്പിച്ചു. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്‌തു. എന്നാൽ, മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് ഗണേഷ് ചവാന്റെ ഭാര്യ മൊഴി നൽകി. ആ സ്‌ത്രീയെ ചോദ്യം ചെയ്‌തപ്പോഴാണ് ഗണേഷ് ചവാൻ ജീവിച്ചിരിപ്പുണ്ടെന്നും ഇയാൾ മറ്റൊരു നമ്പരിലൂടെ അവരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും പൊലീസിന് മനസിലായത്. പിന്നീട് കൊലപാതക കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്‌തു. കൃത്യം നടത്താൻ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.