കനത്ത മൂടൽമഞ്ഞിൽ ഡൽഹിയിൽ അപകട പരമ്പര; ബസുകൾക്ക് തീപിടിച്ച് നാല് മരണം
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടയിടിച്ചതിനെ തുടർന്ന് ബസുകൾക്ക് തീപിടിച്ച് വൻ അപകടം. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നാലുപേർ മരിക്കുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. നാലിലധികം ബസുകൾക്ക് തീപിടിച്ചു. അപകടസമയത്ത് ബസുകളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പത്തിലധികം ഫയർഎഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മൂടൽ മഞ്ഞിനെതുടർന്ന് കാഴ്‌ച മറഞ്ഞതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് പരസ്‌പരം കാണാൻ കഴിയാതിരുന്നത് അപകടങ്ങൾക്ക് കാരണമായി. 'എക്സ്പ്രസ് വേയിലെ ആഗ്ര-നോയിഡ ലെയ്നിലെ മൈൽസ്റ്റോൺ 127 ലാണ് അപകടം നടന്നത്. മൂന്ന് കാറുകൾ കൂട്ടിയിടിച്ചു, ഏഴ് ബസുകൾ ഇവയിലേക്ക് ഇടിച്ചുകയറി, അതിൽ ഒന്ന് റോഡ്‌വേ ബസാണ്, മറ്റ് ആറെണ്ണം സ്ലീപ്പർ ബസുകളാണ്'- മഥുര റൂറൽ എസ് പി സുരേഷ് ചന്ദ്ര റാവത്ത് ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തെ തുടർന്ന് എക്‌സ്‌പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെത്തിച്ചെന്ന് യുപി പൊലീസ് പറഞ്ഞു.
മൂടൽമഞ്ഞിനെത്തുടർന്ന് ഉത്തരേന്ത്യയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർകഥയാവുകയാണ്. തിങ്കളാഴ്‌ച പുലർച്ചെ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലും ഇത്തരത്തിൽ ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു.