പ്രതിരോധ മേഖലയിൽ നിർണായക നീക്കം; റഫാൽ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയിൽ നിർമിച്ച റഡാർ
ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാറിനായി സങ്കീർണമായ വയറുള്ള ഘടനകൾ നിർമ്മിക്കുന്നതിനുള്ള കരാർ എസ്എഫ്ഒ ടെക്നോളജീസിന് നൽകി ഫ്രഞ്ച് എയ്റോസ്പേസ് ഭീമനായ തേൽസ്. ആർബിഇ2 ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ (എഇഎസ്എ) റഡാറിലെ വയറുകൾ നിർമിക്കുന്നതിനുള്ള കരാറാണ് നൽകിയത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിലുള്ള നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവൽക്കരണത്തിലെ പ്രധാന ചുവടുവയ്പ്പാണിത്.
ഇന്ത്യൻ സായുധ സേനയ്ക്കായി ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങളുടെ ഉത്പാദനം പ്രാദേശികവൽക്കരിക്കുന്നതിനുള്ള തേൽസിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമാണ് കരാർ. ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ യുദ്ധവിമാനങ്ങളുടെ കരാറിന് പിന്നാലെയാണിത്. ഇന്ത്യൻ പ്രതിരോധ മേഖലയുമായുള്ള തേൽസിന്റെ ദീർഘകാല സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ എന്ന് കമ്പനി വ്യക്തമാക്കി.
പ്രതിരോധ മേഖലയിൽ പ്രാദേശികവൽക്കരണത്തിന്റെ ഭാഗമായുള്ള ആദ്യ ഓർഡർ കൂടിയാണിത്. ഇന്ത്യയിൽ വിപുലമായ റഡാർ നിർമ്മാണ ശേഷികൾ വികസിപ്പിക്കുന്നതിൽ കരാർ പ്രധാന പങ്ക് വഹിക്കുമെന്ന് വിലയിരുത്തൽ. റഫാൽ യുദ്ധവിമാനങ്ങൾക്കായി പുതിയൊരു ലോംഗ് റേഞ്ച് മീറ്റിയർ എയർ-ടു-എയർ മിസൈലുകൾ സ്വന്തമാക്കിക്കൊണ്ട് പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. വ്യോമസേനയുടെ മുൻനിര റഫാൽ വിമാനങ്ങളുടെ ദൃശ്യപരിധിക്കപ്പുറം ആക്രമണ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യമെന്നാണ് പ്രതിരോധ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ.