പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബെള്ളൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ പ്രജ്വൽ (14) ആണ് മരിച്ചത്. ബെള്ളൂർ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്പതികളുടെ മകനാണ്.
മാതാവ് അനിത മുള്ളേരിയ സ്‌കൂളിൽ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോൾ മകനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച കുട്ടി അമ്മയുടെ വീട്ടിൽ പോയിരുന്നു. അവിടെനിന്നാണ് ഇന്നലെ പരീക്ഷയെഴുതാൻ സ്കൂളിലേയ്ക്ക് പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയായിരുന്നു പ്രജ്വൽ സ്‌കൂളിലെത്തിയത്. സമയം കഴിഞ്ഞിരുന്നുവെങ്കിലും പരീക്ഷയെഴുതാൻ കുട്ടിയെ അനുവദിച്ചതായി അദ്ധ്യാപകർ പറയുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.