മയൂരിയുടെ മരണം ഇന്നും ദുരൂഹം; വേദനയോടെ ഓർത്തെടുത്ത് സിബി മലയിൽ

Tuesday 16 December 2025 1:52 PM IST

സമ്മർ ഇൻ ബത്‌ലഹേം, അരയന്നങ്ങളുടെ വീട്, ആകാശഗംഗ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മയൂരി. അഭിനയിച്ചത് മൂന്ന് സിനിമകളിലാണെങ്കിലും ഇന്നും മയൂരിയുടെ മുഖം വിഷമത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും നോക്കിക്കാണുന്നത്. എട്ട് വയസുള്ളപ്പോഴാണ് ആദ്യമായി മയൂരി അഭിനയിക്കുന്നത്. അതിനുശേഷം സമ്മർ ഇൻ ബത്‌ലഹേമിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

ഇപ്പോഴിതാ മയൂരിയുടെ വിയോഗം വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കിയിരുന്നെന്നും അതൊരു പാവം കുട്ടിയായിരുന്നുവെന്നും ഓർക്കുകയാണ് സംവിധായകൻ സിബിമലയിൽ. മൂവി വേൾഡ് ഒറിജിനൽസിനു നൽകിയ അഭിമുഖത്തിലാണ് മയൂരിയെക്കുറിച്ച് സംവിധായകന്റെ തുറന്നു പറച്ചിൽ.

'മയൂരിയുടെ മരണം ഞങ്ങളെയെല്ലാം വളരെയധികം ഞെട്ടിച്ചിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു. വളരെ പാവം കുട്ടിയായിരുന്നു മയൂരി. ഒരു പ്രശ്നങ്ങൾക്കുമില്ല. വളരെ സൈലന്റായ കുട്ടി'. സിബി മലയിൽ പറഞ്ഞു. സമ്മർ ഇൻ ബത്‌ലഹേമിന്റെ റീറിലീസ് സമയത്ത് വേദനയോടെ ഓർത്തുപോകുന്ന മുഖം മയൂരിയുടേതാണെന്നും അദ്ദേഹംപറഞ്ഞു.

2005ൽ 22ാം വയസിലാണ് മയൂരി ജീവനൊടുക്കിയത്. ഇന്നും സിനിമാലോകത്ത് താരത്തിന്റെ ആത്മഹത്യ ദുരൂഹമായി തുടരുന്ന വിഷയമാണ്. നടിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന ഒട്ടേറെ കാര്യങ്ങൾ അന്ന് വാർത്തകളിൽ പ്രചരിച്ചിരുന്നു. എന്നാൽ നടി ജീവനൊടുക്കുന്നതിനു മുൻപ് സഹോദരന് അയച്ച കത്തും ഏറെ ചർച്ചയായ കാര്യമാണ്. തന്റെ ആത്മഹത്യയിൽ ആരും ഉത്തരവാദിയല്ലെന്നും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടത് കൊണ്ടാണ് മരിക്കാൻ തീരുമാനിച്ചതെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.