ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ഗാന്ധിജിയുടെ പേര് ഒഴിവാക്കി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) പേര് അടക്കം മാറ്റി ബദൽ നടപ്പാക്കാനുള്ള ബിൽ കേന്ദ്രം ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി - ജി റാം ജി) എന്ന തലക്കെട്ടോടെയാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ലോക്‌സഭയിൽ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം.
ഗാന്ധി തന്റെ കുടുംബത്തിന്റേതല്ലെന്നും ഗാന്ധി രാജ്യത്തിന്റേതാണെന്നും ചൂണ്ടിക്കാട്ടി വയനാട് എംപി പ്രിയങ്കാ ഗാന്ധി ബില്ലിനെതിരെ പ്രതിഷേധിച്ചു. എന്നാൽ പ്രതിപക്ഷം 'റാം' എന്ന വാക്കിനെ എതിർക്കുന്നത് എന്തിനാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു. മഹാത്മാ ഗാന്ധിയുടെ പേര് തങ്ങളുടെ ഹൃദയത്തിലുണ്ടെന്നും രാമരാജ്യമാണ് ഗാന്ധി വിഭാവനം ചെയ്തതെന്നും ചൗഹാൻ പറഞ്ഞു. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.
ഇത് 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം നേടാനുള്ള പദ്ധതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2005ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. ഇതുവരെ വേതനം പൂർണമായും കേന്ദ്രത്തിൽ നിന്നായിരുന്നു. ഇനി 40 ശതമാനം സംസ്ഥാനം വഹിക്കണം. ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90 ശതമാനം കേന്ദ്രം നൽകും. നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രം മുഴുവൻ തുകയും നൽകും. തൊഴിൽ ദിനങ്ങൾ നൂറിൽ നിന്ന് 125 ആയി വർദ്ധിപ്പിക്കും. തൊഴിൽ മേഖലകൾ കേന്ദ്രം തീരുമാനിക്കും. ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കൽ തുടങ്ങിയ മേഖലകളാക്കി തിരിച്ചാകും തൊഴിൽ ലഭ്യമാക്കുക.