ഡിപ്രഷനും മാനസിക സമ്മർദവും ഞൊടിയിടയിൽ മാറ്റുന്ന ഹെഡ്‌സെറ്റ്; പരീക്ഷണം വിജയം, 2026 മുതൽ വിപണിയിൽ

Tuesday 16 December 2025 3:20 PM IST

പനി, ജലദോഷം പോലെതന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പലരെയും നിരന്തരം അലട്ടുന്ന പ്രശ്‌നമാണ് വിഷാദരോഗം. ലോകത്തുടനീളമുള്ള ജനങ്ങളെ പ്രായഭേദമില്ലാതെ ഇത് ബാധിക്കുന്നു. വിഷാദരോഗത്തിന് ചികിത്സ തേടുന്നവരും ഇന്ന് വളരെ കൂടുതലാണ്. യുഎസിൽ പ്രായപൂർത്തിയായ ഏകദേശം 20 ദശലക്ഷം പേർ വിഷാദരോഗികളാണ്. എന്നാൽ, ഇവർക്കെല്ലാം ആശ്വസമാകുന്ന ഒരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ദ്ധർ. മറ്റാരുടെയും സഹായമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ വിഷാദരേഗം അഥവാ ഡിപ്രഷൻ മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഒരു ഹെഡ്‌സെറ്റ് രൂപത്തിലാണ് ഡിപ്രഷൻ മാറ്റാനുള്ള യന്ത്രമുള്ളത്. വീട്ടിൽ വച്ച് തന്നെ ഉപയോഗിക്കാവുന്നതാണ്. ഡിപ്രഷൻ മാറ്റാനുള്ള ആദ്യത്തെ ഉപകരണത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ. 2026ന്റെ രണ്ടാം പകുതിയിലാകും ഈ ഉപകരണം വിപണിയിലെത്തുക. മാനസികാരോഗ്യ നവീകരണത്തിൽ വൈദഗ്ദ്ധ്യമുള്ള ഫ്ലോ ന്യൂറോസയൻസ് എന്ന കമ്പനി നിർമിച്ച ഉപകരണമായ FL-100 കാഴ്‌ചയിൽ ഒരു സാധാരണ ഹെഡ്‌സെറ്റ് പോലെ തന്നെയാണ്.

ദീർഘകാലം ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്ന ആന്റിഡിപ്രസന്റ് മരുന്നുകൾക്ക് ബദലായി ആരോഗ്യത്തിന് കേടുവരുത്താതെ ഈ ഉപകരണം നിങ്ങളുടെ ഡിപ്രഷൻ മാറ്റുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഈ ഹെഡ്‌സെറ്റ് എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാം.

പ്രധാനമായും വീട്ടിൽ തന്നെ വിഷാദരോഗത്തിനുള്ള ചികിത്സ എന്ന നിലയിലാണ് FL-100 കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിനെ ഉത്തേജിപ്പിച്ചുകൊണ്ടാണ് ഇതിന്റെ പ്രവർത്തനം. ഉത്തേജനം നൽകുന്നതിനായി നെറ്റിയിൽ വയ്‌ക്കാൻ പാകത്തിന് രണ്ട് പാഡുകൾ അതിലുണ്ട്. ട്രാൻസ്ക്രാനിയൽ ഡയറക്ട് കറന്റ് സ്റ്റിമുലേഷൻ ഉപയോഗിച്ചാണ് ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. ഇത് തലയിലേക്ക് വൈദ്യുതോർജം എത്തിക്കുന്നു. വർഷങ്ങളായി പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരു സാങ്കേതികവിദ്യയാണിത്. എന്നാൽ, ഇതിന് ഫലപ്രാപ്‌തി ഉണ്ടാകുമോ എന്നുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

മെഡിക്കൽ ഇക്കണോമിക്‌സ് പ്രകാരം, ഏത് തലത്തിലുള്ള വിഷാദം അനുഭവിക്കുന്നവർക്കും ചികിത്സയ്‌ക്കായി ഈ മാർഗം ഉപയോഗിക്കാമെന്നാണ്. മരുന്നിനപ്പുറം മാനസിക പ്രശ്‌നങ്ങളെ മാറ്റാനുള്ള കഴിവ് ഈ മാർഗത്തിനുണ്ടെന്ന് ഫ്ലോ ന്യൂറോ സയൻസിന്റെ സിഇഒ എറിൻ ലീ പറഞ്ഞു.

ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു?

തലച്ചോറിന്റെ ഒരു ഭാഗമായ ഡോർസോളാറ്ററൽ പ്രീഫ്രോണ്ടൽ കോർട്ടെക്സിലേക്ക് ഒരു നേരിയ വൈദ്യുത പ്രവാഹം ഈ ഹെഡ്‌സെറ്റ് എത്തിക്കുന്നു. ഇത് മാനസിക സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് മാത്രമേ ഇത് ഉപയോഗിക്കാനാകൂ. വിഷാദരോഗം ചികിത്സിക്കാൻ വൈദ്യുത ഉത്തേജനം ഉപയോഗിക്കുന്ന രീതി വ്യാപകമാണെങ്കിലും ഡോക്‌ടർമാരുടെയോ മറ്റ് വിദഗ്ദ്ധരുടെയോ സഹായമില്ലാതെ വീട്ടിൽ തന്നെ ഉപയോഗിക്കാം എന്നതാണ് FL-100ന്റെ പ്രത്യേകത.

12 ആഴ്‌ചത്തെ ചികിത്സയാണിത്. ആഴ്‌ചയിൽ അഞ്ച് തവണ വച്ച് മൂന്നാഴ്‌ച ചെയ്യുക. ഓരോ തവണയും 30 മിനിട്ടാകും ഇത് ഉപയോഗിക്കേണ്ടതെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.

ശരിക്കും ഫലം കിട്ടുമോ?

174പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് FL-100ന് അംഗീകാരം നൽകിയത്. 10 ആഴ്‌ചയായിരുന്നു പരീക്ഷണം. 30 മിനിട്ട് വീതമുള്ള സെഷനുകളിൽ ഇവർ പങ്കെടുത്തു. ഹെഡ‌്‌സെറ്റ് വയ്‌ക്കാത്തവരെ അപേക്ഷിച്ച് ഹെഡ്‌സെറ്റ് വച്ചവർക്ക് വിഷാദരോഗത്തിൽ നിന്ന് ഗണ്യമായ ആശ്വാസം ലഭിച്ചതായി കണ്ടെത്തി. രോഗികൾക്ക് വലിയ രീതിയിലുള്ള ആശ്വാസം അനുഭവപ്പെട്ടു. ചികിത്സ നൽകിയതിൽ 58 ശതനമാനം രോഗികൾക്കും രോഗമുക്തി ലഭിച്ചു. എന്നാൽ, മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് ഇവയ്‌ക്ക് പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ല. ചിലർക്ക് മാത്രം ചർമത്തിലെ ചൊറിച്ചിലും ചെറിയ രീതിയിലുള്ള പൊള്ളൽ പോലെ അനുഭവപ്പെട്ടിട്ടുണ്ട്.