നടി ചൈത്രയെ കാറിൽ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്

Tuesday 16 December 2025 3:53 PM IST

ബംഗളൂരു: സിനിമാ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘമാണ് ചൈത്രയെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച് സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്.

2023ലായിരുന്നു ചൈത്രയും ഹർഷവർദ്ധനും വിവാഹിതരായത്. കഴിഞ്ഞ എട്ടുമാസമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. നടി ഒരു വയസുള്ള മകളോടൊപ്പം മഗഡി റോഡിലെ വാടക വീട്ടിലായിരുന്നു താമസം. ചൈത്ര സീരിയൽ അഭിനയം തുടരുകയും ചെയ്തു.

ഈ മാസം ഏഴിന് ഒരു ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോകുകയാണെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞിരുന്നു. ഷൂട്ട് എന്ന പേരിൽ ചൈത്രയെ കൊണ്ടുപോയതിന് പിന്നിൽ ഹർഷവർദ്ധനാണെന്നാണ് പരാതി.

ചൈത്രയെ തട്ടിക്കൊണ്ടുപോകാനായി ഹർഷവർദ്ധൻ തന്റെ സഹായിയായ കൗശിക്കിന് 20,000 രൂപ അഡ്വാൻസായി നൽകിയിരുന്നു. തുടർന്ന് കൗശിക് മറ്റൊരാളുടെ സഹാത്തോടെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. നടി അവിടെ എത്തിയതും ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ ഫോണിൽ വിളിച്ചു. ചൈത്രയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ താനാണെന്ന് അറിയിച്ചു. തന്റെ കുട്ടിയെ പറയുന്ന സ്ഥലത്തെത്തിച്ചാൽ ചൈത്രയെ കൊണ്ടുവരാമെന്ന് ഇയാൾ പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.