പിണറായിയിൽ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിപ്പോയി

Tuesday 16 December 2025 4:43 PM IST

കണ്ണൂർ: പിണറായിയിൽ ബോംബ് സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന് ഗുരുതര പരിക്ക്. വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിപിൻരാജിന്റെ വീടിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഓലപ്പടക്കം പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം നടന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി സ്‌ഫോടക വസ്തുക്കളെന്തെങ്കിലും ഇവിടെ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസും നൽകുന്ന സൂചന.

അതേസമയം,​ കോൺഗ്രസ് ഓഫീസിന് ബോംബെറിഞ്ഞതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് വിപിൻരാജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഭവം നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎമ്മിന്റെ സ്തൂപം തകർത്തിരുന്നു. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ കൊലവെറി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.