കടം 74  ലക്ഷം;  കംബോഡിയയിലെത്തി  കിഡ്നി വിറ്റ്  ഇന്ത്യക്കാരൻ

Tuesday 16 December 2025 5:18 PM IST

മുംബയ്: 74 ലക്ഷത്തിന്റെ കടം തീർക്കാൻ കിഡ്നി വിറ്റ് മഹാരാഷ്ട്രയിലെ കർഷകൻ. ചന്ദ്രപൂർ ജില്ലയിലെ റോഷൻ സദാശിവ് കുഡെ എന്ന കർഷകനാണ് കംബോഡിയയിലെത്തി കിഡ്നി വിറ്റത്. ഒരു ലക്ഷം രൂപ കടവും ദിവസേന 10,000 രൂപ പലിശയും കൂടിയായപ്പോഴാണ് കടം 74 ലക്ഷമായി ഉയർന്നത്.

കൃഷിയിൽ തുടർച്ചയായി നഷ്ടം നേരിട്ടതിനെ തുടർന്ന് സദാശിവ് ഒരു ഡയറി ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പലരോടുമായി അദ്ദേഹം ഒരു ലക്ഷം രൂപ വായ്പയെടുത്തു. എന്നാൽ ഡയറി ബിസിനസ് തുടങ്ങുന്നതിന് മുൻപ് തന്നെ വാങ്ങിയ കന്നുകാലികൾ ചത്തുപോവുകയും സ്വന്തമായുള്ള കൃഷിഭൂമിയിലെ വിളകൾ നശിക്കുകയും ചെയ്തു. ഇതോടെ സദാശിവ് കടക്കെണിയിൽ അകപ്പെട്ടു. പണമിടപാടുകാർ സദാശിവ്‌നെയും കുടുംബത്തെയും ഉപദ്രവിക്കാൻ തുടങ്ങി.

കടം വീട്ടുന്നതിനായി ഭൂമിയും, ട്രാക്ടറും വിറ്റെങ്കിലും അത് മതിയായില്ല. കടം തീരാതെയായപ്പോൾ, പണമിടപാടുകാരിൽ ഒരാൾ കിഡ്നി വിൽക്കാൻ സദാശിവിനെ ഉപദേശിച്ചു. തുടർന്ന് ഒരു ഏജന്റ് മുഖേന കൊൽക്കത്തയിലെത്തിയ സന്ദാശിവിന്റെ പരിശോധനകൾ നടത്തി. അതിനുശേഷം കംബോഡിയയിലേക്ക് പോയി. അവിടെ വച്ച് കിഡ്നി നീക്കം ചെയ്യുകയും എട്ട് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു.

പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുഡെ ആരോപിച്ചു. ഇത് തന്നെ മാനസികമായും ശാരീരികവുമായും ബുദ്ധിമുട്ടിച്ചുവെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ താനും കുടുംബവും ചേർന്ന് മുംബയിലെ സർക്കാർ ആസ്ഥാനമായ മന്ത്രാലയത്തിന് മുന്നിൽ തീ കൊളുത്തി മരിക്കുമെന്നും അറിയിച്ചു.