നാത്തൂന്മാരായ സൗമ്യമാർ ഇനി പഞ്ചായത്തംഗങ്ങൾ

Wednesday 17 December 2025 12:44 AM IST

കോട്ടയം : വിജയപുരം പഞ്ചായത്ത് അംഗങ്ങളായി വിജയിച്ചവരിൽ രണ്ട് സൗമ്യമാരുണ്ട്. രണ്ടു പേരും നാത്തൂന്മാരും. അടുത്തടുത്ത വാർഡുകളിൽ നിന്ന് യു.ഡി.എഫ് ടിക്കറ്റിലാണ് ഇരുവരും വിജയിച്ചത്. വിജയപുരം പഞ്ചായത്ത് ഒമ്പതാം വാർഡായ ചെമ്മരപ്പള്ളിയിൽ നിന്ന് 261 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സൗമ്യ പി.എസിന്റെ വിജയം. പത്ത് വർഷമായി എൽ.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന വാർഡ് തിരിച്ചു പിടിക്കുകയായിരുന്നു. മാങ്ങാനത്ത് അക്ഷയസെന്റർ നടത്തുന്ന സൗമ്യ പി.എസിന്റെ വ്യക്തിബന്ധമാണ് ഏറെ തുണച്ചത്. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വനിതാ സംഘം കൗൺസിലറും, സൈബർ സേന വൈസ് ചെയർപേഴ്സണുമാണ്. സൗമ്യ പി.എസിന്റെ സഹോദരന്റെ ഭാര്യയാണ് പന്ത്രണ്ടാം വാർഡായ മക്രോണിയിൽ നിന്ന് വിജയിച്ച സൗമ്യ രാജേഷ്. പുതിയയതായി രൂപീകരിച്ച വാർഡിൽ നിന്ന് 12 വോട്ടുകൾക്കാണ് വിജയം. ഇരുവരും ഗൗരി ശങ്കരം തിരുവാതിര ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇരുവരും ഭരതടനാട്യവും പഠിക്കുന്നുണ്ട്. കഴിഞ്ഞ തവണ അരങ്ങേറിയതും ഒരുമിച്ച്.