തദ്ദേശസ്ഥാപന അദ്ധ്യക്ഷ സ്ഥാനം: കോൺഗ്രസ് ഗ്രൂപ്പ് പോര് തുടങ്ങി
കോട്ടയം : വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനം നേടിയെടുക്കാൻ കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ പോര് മുറുകി. ഈ മാസം 21 നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഇതിന് ശേഷമായിരിക്കും യു.ഡി.എഫ് ചർച്ച. യു.ഡി.എഫിന് 16 സീറ്റ് ലഭിച്ച ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് 10 ഉം, കേരള കോൺഗ്രസ് ജോസഫിന് നാലു സീറ്റുമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനം ജോസഫ് ഗ്രൂപ്പിന് അർഹതപ്പെട്ടതാണെങ്കിലും വനിതാ അംഗങ്ങളില്ലാത്തതിനാൽ ഒരു ടേം ജില്ലാ പഞ്ചായത്ത് സ്ഥാനം അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു തദ്ദേശ സ്ഥാപനങ്ങളിലും ഇതേ ആവശ്യം മുസ്ലിംലീഗും ഉന്നയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഘടകകക്ഷികളെ പിണക്കാതുള്ള നിലപാട് സ്വീകരിക്കണമെന്ന നിർദ്ദേശമാണ് കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിൽ സസ്‌പെൻസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സീനിയർ നേതാവ് ജോഷി ഫിലിപ്പ് , പി.കെ. വൈശാഖ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. സി.പി.എം കേന്ദ്രമായ കുമരകം ഡിവിഷനിൽ നിന്ന് അട്ടിമറി ജയം നേടിയ വൈശാഖിന് ആദ്യ ടേം നൽകുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പൊതു അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഒപ്പം പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആളെന്ന പരിഗണനയും തുണയാകും. സാമുദായിക പരിഗണന നിർണായകമായതിനാൽ കെ.പി.സി.സി തലത്തിലാകും തീരുമാനം ഉണ്ടാവുകയെന്നാണ് ഒരുന്നത കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
കരിഞ്ഞുപോയ രണ്ടിലയ്ക്ക് വെള്ളം ഒഴിക്കേണ്ട
കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ എത്തിക്കാൻ വേണ്ടി കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. രണ്ടില കൊഴിയുകയും കരിയുകയും ചെയ്യുമ്പോൾ വെളളം ഒഴിച്ചുകൊടുക്കുന്ന ജോലി യു.ഡി.എഫ് ഏറ്റെടുക്കേണ്ടതില്ല. ജോസ് കെ.മാണിയുടെ പുറകെ നടന്ന് വരുന്നുണ്ടോയെന്ന് ചോദിക്കേണ്ട എന്താവശ്യമാണ് യു.ഡി.എഫിനുളളത്. ആദ്യം ജോസ് നിലപാട് വ്യക്തമാക്കട്ടെ. അവർ പൊളിഞ്ഞ് പാളീസായി നിൽക്കുമ്പോൾ യു.ഡി.എഫ് നേതാക്കന്മാർ ആത്മസംയമനം പാലിക്കണമെന്നും, മാർക്കറ്റ് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോൻസ് ആവശ്യപ്പെട്ടു.
ആറ് നഗരസഭകളിലും സ്വതന്ത്രരുടെ പിന്തുണയുറപ്പാക്കും
നഗരസഭ അദ്ധ്യക്ഷ സ്ഥാനം ഉറപ്പിക്കാൻ തീവ്രശ്രമം