അപകടക്കുഴികൾ നിറഞ്ഞ് ദേശീയപാത

Wednesday 17 December 2025 1:42 AM IST

പാറശാല: ദേശീയപാതയുടെ നടുവിലായി അപകടക്കുഴികൾ ദുരിതം വിതയ്ക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരവധിപേർ ആശ്രയിക്കുന്ന റോഡിലെ അപകടക്കുഴികളാണ് മാസങ്ങളായി നികത്താതെ അവശേഷിക്കുന്നത്. പത്ത് മീറ്ററോളം നീളത്തിലാണ് അപകടക്കുഴികൾ.റോഡിന് നടുവിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ പൊട്ടിയതിനെ തുടർന്നാണ് റോഡിൽ അപകടക്കുഴി രൂപപ്പെട്ടത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിട്ടി അധികൃതരെത്തി റോഡിന് നടുവിലൂടെ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് പൈപ്പുകൾ യോജിപ്പിച്ചെങ്കിലും റോഡ് പൂർവാവസ്ഥയിലാക്കിയിട്ടില്ല. രാത്രി കാലങ്ങളിൽ പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്.

തിരക്കേറിയ ദേശീയപാതയിലെ അപകടക്കുഴികൾ ദൂരെനിന്നുപോലും തിരിച്ചറിയാനാകാത്തതാണ്. അപകട സൂചനകളോ മുന്നറിയിപ്പുകളോ സ്ഥാപിക്കാത്തതിനാൽ കുഴികളിൽ വീണ് ടൂവീലർ യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും പതിവാണ്. പരശുവയ്ക്കൽ പെട്രോൾ പമ്പിന് മുന്നിലായുള്ള കൊടുംവളവിൽ നടന്നിട്ടുള്ള അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുള്ള ഭാഗത്താണ് അപകടക്കുഴികളുള്ളത്.

കുഴി രൂപപ്പെട്ടത് പൈപ്പ് പൊട്ടലിനെ തുടർന്ന് ദിനംപ്രതി പൈപ്പ് പൊട്ടലുകൾ തുടരുന്ന പാറശാലയിൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപാണ് ദേശീയപാതയ്ക്ക് നാടുവിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ പൊട്ടിയത്. റോഡിന്റെ നടുവിലായി പത്ത് മീറ്ററോളം തകർന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ പൈപ്പുകൾ കൂട്ടിയോജിപ്പിച്ച് ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും റോഡ് നേരെയാക്കാൻ അധികൃതർ തയ്യാറായില്ല. ആഴ്ചകൾക്കുശേഷം കുഴികൾ കോൺക്രീറ്റ് ചെയ്ത് മൂടിയെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ കോൺക്രീറ്റ് തകർന്ന് വീണ്ടും കുഴികൾ രൂപപ്പെട്ടു. കോൺക്രീറ്റിലെ ചല്ലികൾ റോഡിൽ പരന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

പൈപ്പ് പൊട്ടലുകൾ തുടരുന്നു കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ മാറ്റി പകരം പുതിയ കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപികാത്തതാണ് അടിക്കടി പൈപ്പുകൾ പൊട്ടുന്നതിന് കാരണം. കോടികൾ ചെലവാക്കി ടാർ ചെയ്തിട്ടുള്ള റോഡാണ് പൈപ്പുകൾ പൊട്ടുന്നതിലൂടെ തകരുന്നത്. ഇതിന് കാരണക്കാരായ വാട്ടർ അതോറിട്ടി അധികൃതരോ ദേശീയപാത അധികൃതരോ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. ദേശീയപാത അധികൃതരുടെ അവഗണനകൾക്കെതിരെ നാട്ടുകാരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്.