വെറൈറ്റി സ്റ്റാറുകൾ, കേക്കുകൾ: കളറായി ക്രിസ്മസ് ഒരുക്കം
കണ്ണൂർ:പുതുമയേറിയ ദീപാലങ്കാരങ്ങളും പുതുരുചികളുമായി ക്രിസ്തുമസ് വിപണി സജീവം. വ്യത്യസ്ത രൂപത്തിലുള്ള സ്റ്റാറുകളും ഭംഗിയുള്ള പുൽകൂടുകളും ട്രീകളും വ്യത്യസ്ത രുചികളിൽ കേക്കുകളും വിപണിയിൽ സജീവമായി. തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. നവംബർ അവസാനം തന്നെ നക്ഷത്രങ്ങൾ വിപണി പിടിച്ചിരുന്നെങ്കിലും ഡിസംബർ ആദ്യവാരം കഴിഞ്ഞതോടെയാണ് പുതുമയേറിയ സ്റ്റാറുകളടക്കം കടന്നുവന്നത്.
ക്രിസ്മസ് ട്രീയും പുൽക്കൂടും സാന്താക്ലോസും എൽ .ഇ. ഡി സ്റ്റാറുകളുമെല്ലാം കടകളിൽ നിരന്നു തുടങ്ങിയിട്ടുണ്ട്. മഴത്തുള്ളി ലൈറ്റുകൾ, ട്രീ ലൈറ്റുകൾ, ബൾബ് ലൈറ്റുകൾ തുടങ്ങിയവയാണ് പുതിയ ട്രെൻഡുകൾ. ഇവക്ക് നൂറു മുതലാണ് വില.പുൽക്കൂടൊരുക്കാൻ സമയം ഇല്ലാത്തവർക്കായി റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ലഭ്യമാണ്. വില അൽപ്പം കൂടുമെങ്കിലും മെറ്റലിലും ഫൈബറിലും പനയോലയിലും പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും ഇത്തവണ പുൽക്കൂടുകൾ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്.
ഫൈബർ പുൽക്കൂടിനാണ് ഇത്തവണ ആവശ്യക്കാർ ഏറെയുളളത്. ഇരുന്നൂറു മുതലാണ് വില. പുൽക്കൂട്ടിൽ വെക്കാവുന്ന രൂപങ്ങളുടെ സെറ്റിന് 200 മുതൽ വില തുടങ്ങുന്നു. അഞ്ച് ഇഞ്ച് മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. ഇരുന്നൂറ്റമ്പത് മുതൽ 1,400 വരെയാണ് വില. പേപ്പർ സ്റ്റാറുകൾ, ഗ്ലെയിസിംഗ് സ്റ്റാറുകൾ എന്നിവ വിപണിയിലുണ്ടെങ്കിലും എൽ.ഇ.ഡി സ്റ്റാറുകൾക്ക് തന്നെയാണ് ഡിമാൻഡ്. ഇരുന്നൂറ്റമ്പത് മുതൽ 500 രൂപയാണ് ഇവയുടെ വില. കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെയുള്ള സാന്താ വേഷങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.ക്രിസ്മസ് പാപ്പാ തൊപ്പികളുടെയും വസ്ത്രങ്ങളുടെയും വിൽപ്പന വഴിയോരങ്ങളിലുമുണ്ട്. ക്രിസ്മസ് പാപ്പാ പാവകളുടെയും സന്ദേശ കാർഡുകളുടെയും പ്രത്യേകം കളക്ഷനുകളും തയ്യാറായിട്ടുണ്ട്. ഓൺലൈൻ വിപണിയിലും ക്രിസ്മസ് കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
പ്ലം കേക്കുകൾക്ക് ഡിമാന്റ് വിപണിയിൽ പ്ലം കേക്കുകൾ സജീവമായിട്ടുണ്ട് .ബേക്കറികളിൽ ഇപ്രാവശ്യം ക്രീം കേക്കുകളുടെ സ്ഥാനം പ്ലം കേക്ക് കൈയടക്കിക്കഴിഞ്ഞു. ബേക്കറി ഉടമകളും ഹോം ബേക്കർമാരും പ്ലം കേക്കിനുള്ള ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി .രണ്ടുമാസം മുമ്പ് തന്നെ കേക്ക് നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. അരക്കിലോ നോർമൽ പ്ളം കേക്കിന് 298 മുതൽ 475 വരെ നൽകണം. റിച്ച് പ്ലം കേക്കിന് അരക്കിലോയ്ക്ക് 375 രൂപ വിലവരും. ആരോഗ്യത്തിലെ ശ്രദ്ധ കണക്കിലെടുത്ത് ഡയറ്റ് സ്പെഷ്യൽ കേക്കുകളും എത്തിയിട്ടുണ്ട് .മുട്ട ചേർക്കാത്ത നാനൂറ് ഗ്രാം പ്ലം കേക്കിന് 350 രൂപയാണ് വില.