വോട്ടർ പട്ടിക ശുദ്ധമാകണം

Wednesday 17 December 2025 2:31 AM IST

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ വോട്ടർമാർ പുറത്താകുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരാണ് ഇവർ. ഇരട്ടിപ്പ്, മരിച്ചവർ, സ്ഥിരമായി താമസം മാറ്റിയവർ, മറ്റു കാരണങ്ങളാൽ ഉൾപ്പെടാത്തവർ തുടങ്ങിയവരെയാണ് ഒഴിവാക്കുന്നത്. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. 2,78,59,855 വോട്ടർമാരാണ് നിലവിലെ പട്ടികയിലുള്ളത്. ഇവരിൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ കഴിയാത്ത 25,07,675 പേരാണ് പുറത്താകുന്നത്. വോട്ടർ പട്ടികയിൽ നിന്ന് ഇത്രയധികം പേരെ പുറത്താക്കുന്നതിനെ ബി.ജെ.പി ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും എതിർത്തിരിക്കുകയാണ്.

ഇലക്‌ഷൻ കമ്മിഷൻ വിളിച്ച യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടത്. പുറത്താക്കിയവരുടെ പേരുവിവരങ്ങൾ അടങ്ങുന്ന പട്ടിക പ്രസിദ്ധീകരിക്കണമെന്നും അത് പരിശോധിക്കാൻ സാവകാശം വേണമെന്നുമാണ്. അതേസമയം അർഹരായവ‌ർ ആരും ഒഴിവാക്കപ്പെട്ടില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയകക്ഷികൾ വിചാരിച്ചാൽ സാധിക്കും. എസ്.ഐ.ആർ കാലാവധിയായ ഡിസംബർ 18-നകം തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തിയാൽ മതി. രാഷ്ട്രീയകക്ഷികൾക്കു മാത്രമല്ല,​ വ്യക്തികൾക്ക് സ്വന്തം നിലയിലും ഇത് ചെയ്യാവുന്നതാണ്. അങ്ങനെയായാൽ അവരുടെ പേരുകളും 23-ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പ്രസിദ്ധീകരിക്കുx. കരടിൽ ആക്ഷേപമറിയിക്കാനുള്ള സമയത്ത് ഫോം 7 സഹിതം ബോദ്ധ്യപ്പെടുത്തിയാൽ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനാകും. 2026 ഫെബ്രുവരി 21-നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ബി.ജെ.പിക്കെതിരെ നടത്തുന്ന ഏറ്റവും വലിയ ആരോപണം വോട്ടർ പട്ടികയിൽ അനർഹരെ ഉൾപ്പെടുത്തി വോട്ട് കൊള്ള നടത്തിയാണ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിക്കുന്നത് എന്നാണ്. ഇതിനു തെളിവായി അദ്ദേഹം ഹരിയാനയിലെയും ബീഹാറിലെയും മറ്റും വോട്ടർ പട്ടികയിലെ പിശകുകൾ പത്രസമ്മേളനത്തിൽ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. രാഹുൽഗാന്ധിയുടെ ഈ ആരോപണത്തിലെ വസ്തുതകൾ പരിഹരിക്കണമെങ്കിൽ കാലോചിതമായും തെറ്റുകൾ ഇല്ലാതെയും വോട്ടർ പട്ടിക പരിഷ്കരിക്കേണ്ടതുണ്ട്. ഇതിനാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപം നൽകിയതും നടപ്പാക്കിവരുന്നതും. ഇതിനെയും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ എതിർത്തതിനെ വിരോധാഭാസമായേ കാണാനാകൂ. ഒരു കാര്യം ശരിയല്ലെന്ന് പറയുകയും,​അത് ശരിയാക്കാൻ നടപടി സ്വീകരിക്കുമ്പോൾ എതിർക്കുകയും ചെയ്യുന്നത് നീതിയുക്തമല്ല.

വോട്ടിംഗ് യന്ത്രത്തെയാണ് പ്രതിപക്ഷ കക്ഷികൾ ആദ്യം കുറ്റം പറഞ്ഞിരുന്നതും സംശയിച്ചിരുന്നതും. ഉന്നത കോടതിയുടെ ഇടപെടലിലൂടെ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത വിദഗ്ദ്ധർ ഉറപ്പുവരുത്തുകയും സംശയമുള്ള സ്ഥാനാർത്ഥിക്ക് പണം കെട്ടിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യപ്പെടാൻ അവകാശം നൽകുകയും ചെയ്തതോടെയാണ് വോട്ടിഗ് യന്ത്രം സംബന്ധിച്ച പരാതികൾ അടങ്ങിയത്. അതുപോലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാകുമ്പോൾ വോട്ട് കൊള്ള സംബന്ധിച്ച ആരോപണവും അടങ്ങാനാണ് സാദ്ധ്യത. മരിച്ചവരെയും 'ഡബിളുകളെ"യും മറ്റും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് ആർക്കാണ് പറയാൻ കഴിയുക? വോട്ടർ പട്ടിക ശുദ്ധമാകുന്നത് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും വർദ്ധിപ്പിക്കാനാവും ഇടയാക്കുക.