വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; പരിശോധന വഴിപാടാേ?
തൃശൂർ: നാലാം തവണയും ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ചെക്ക്‌പോസ്റ്റുകളിലെ പരിശോധന ചോദ്യചിഹ്നമാകുന്നു. അനധികൃത പന്നിക്കടത്ത് തടയാൻ ചെക്ക്‌പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലും മൃഗസംരക്ഷണ വകുപ്പും പൊലീസും ആർ.ടി.ഒയും ചേർന്ന് പരിശോധന നടത്താറുണ്ട്. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പന്നികളിലാണ് പന്നിപ്പനി കൂടുന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിക്കുന്ന തദ്ദേശ ഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട ദ്രുതപ്രതികരണ സേന (റാപ്പിഡ് റെസ്‌പോൺസ് ടീം) രൂപീകരിച്ച് പ്രവർത്തിക്കും.
ദയാവധം രക്ഷ
കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ രണ്ടു ഫാമുകളായി 400 ലേറെ പന്നികൾക്കാണ് ഇന്നലെ പന്നിപ്പനി ബാധിച്ചത്. ഇവയെ ദയാവധത്തിന് ഇരയാക്കും. കഴിഞ്ഞവർഷവും പഞ്ചായത്തിലെ പതിയാരം മണ്ടംപറമ്പ് പ്രദേശങ്ങളിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചിരുന്നു. 1500 ലേറെ പന്നികളെയാണ് അന്ന് ദയാവധത്തിന് ഇരയാക്കിയത്. ഏതാനും മാസം മുൻപ് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപനം തടയാൻ ഫാമിന് ചുറ്റും ഒരു കിലാേമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിക്കും. പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയാകും. മാംസ വിതരണത്തിന് കർശന നിയന്ത്രണമുണ്ട്. പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കോ തിരിച്ചോ കൊണ്ടുപോകുന്നതും നിരോധിക്കും.
ഭയം വേണ്ട, ജാഗ്രത മതി
പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാദ്ധ്യതയില്ല രോഗബാധിത പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വാങ്ങുകയോ കടകൾ പ്രവർത്തിക്കുകയോ ചെയ്യരുത് പ്രതിരോധത്തിനായി പന്നികളെ കൊന്നൊടുക്കിയാൽ കർഷകർക്ക് വൻ സാമ്പത്തികനഷ്ടം
ആഫ്രിക്കൻ പന്നിപ്പനിയെ പ്രതിരോധിക്കാൻ ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഡോ. കെ.ബി. ജിതേന്ദ്രകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ