കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്
Wednesday 17 December 2025 12:00 AM IST
- ഏഴ് ജനപ്രതിനിധികളുൾപ്പെടെ 32 പേർക്കെതിരെയാണ് കേസ്
വെള്ളിക്കുളങ്ങര: ചായ്പൻകുഴി സ്വദേശി തെക്കൂടൻ സുബ്രനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച ഏഴ് ജനപ്രതിനിധികൾക്കും കണ്ടാലറിയുന്ന 25 പേർക്കുമെതിരെ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. കഴിഞ്ഞ എട്ടിന് രാവിലെ ചായ്പൻകുഴി വനംവകുപ്പ് ഓഫീസിൽ നടത്തിയ സമരത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകളും വാഹനത്തിന്റെ ചില്ലും തകർന്നിരുന്നു. രാവിലെ ഒമ്പത് മുതൽ ആരംഭിച്ച പ്രതിഷേധം നാലുമണിക്കൂർ നീണ്ടു. തുടർന്ന് ആർ.ഡി.ഒ പി.എം.ഷിബു, തഹസിൽദാർ കെ.എ.ജേക്കബ്, ബെന്നി ബെഹനാൻ എം.പി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് ഉപാധികളോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസ്, മുൻ പ്രസിഡന്റ് റിജു മാവേലി എന്നിവരുൾപ്പെടെ ഏഴ് ജനപ്രതിനിധികളടക്കം 32 പേർ പ്രതിപ്പട്ടികയിലുണ്ട്.