പാലിയേക്കര ടോൾ: സുപ്രീം കോടതിയിൽ വാദം ഇന്ന്

Wednesday 17 December 2025 12:00 AM IST

തൃശൂർ: പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ച ഉത്തരവിനെതിരേ നൽകിയ അപ്പീലിൽ സുപ്രീം കോടതിയിൽ വാദം ഇന്ന്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് അപ്പീൽ നൽകിയത്. അടിപ്പാതകളുടെ പണികൾ നടക്കുന്നതിനാൽ ടോൾ കൊടുത്ത് ഗതാഗതക്കുരുക്കിൽ പെടുന്ന സാഹചര്യമാണെന്നാണ് പ്രധാന വാദം. മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള ടോൾ പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ അടിപ്പാതകളുടെ നിർമ്മാണം മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് അനുസരിച്ച് ടോൾ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഷാജി കോടങ്കണ്ടത്ത് നേരത്തേ നൽകിയ ഹർജിയെ തുടർന്ന് ടോൾ പിരിവ് രണ്ട് മാസത്തിലധികം ഹൈക്കോടതി നിറുത്തിവച്ചിരുന്നു. തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ടോൾ പിരിവിന് സുപ്രീം കോടതി അനുമതി നൽകിയത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇന്ന് വാദം.