ഇരിട്ടി ടൗണിൽ വൈദ്യുതി വിതരണം കേബിൾ വഴി
ഇരിട്ടി: വൈദ്യുതി വിതരണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ് സ്‌കീമിൽ ഉൾപ്പെടുത്തി ഇരിട്ടി ടൗണിലെ വൈദ്യുതി വിതരണം പൂർണ്ണമായും കേബിളിലേക്ക് മാറുന്നു. ഇരിട്ടി വൈദ്യുതിലൈൻരഹിത നഗരമായി മാറ്റുന്നതിന് കെ.എസ്.ഇ.ബിയാണ് കർമ്മപദ്ധതി തയ്യാറാക്കിയത്.
ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളും കേബിൾ ആക്കുന്നതോടെ ഇല്ലാതാകും. ഇരിട്ടി നഗരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഇരിട്ടി പാലം മുതൽ കീഴൂർ വരെ റോഡിന് ഇടതു വശത്തെ രണ്ട് കിലോമീറ്ററും നേരംപോക്ക് കവല മുതൽ കീഴൂർ അമ്പലം കവലയിൽ നിന്നും കീഴൂർ അമല ആശുപത്രി ജംഗ്ഷൻ വരെ 2.8 കിലോമീറ്ററും ദൂരത്തിലാണ് കേബിൾ വലിക്കുന്നക്. ഇതിന് 55 ലക്ഷമാണ് ചെലവ്. രണ്ടാംഘട്ടത്തിൽ ഇരിട്ടി പാലം മുതൽ കീഴൂർ വരെ റോഡിന്റെ വലതുവശത്തെ ലൈനുകളും മാറ്റും.
എൽ.ടി ലൈനുകളും കടകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നഗര മേഖലയിലെ വീടുകളിലേക്കും ഉള്ള ലൈനുകൾ പൂർണമായും കേബിളാകും. അതേസമയം എച്ച്.ടി ലൈനുകൾ നിലിവുള്ള രീതിയിൽ തുടരും.
പ്രവൃത്തി 20ന് തുടങ്ങും
കെ.എസ്.ഇ.ബി പ്രവർത്തനങ്ങളോടു സഹകരിക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും വ്യാപാരി പ്രതിനിധികളുടെയും ഉപഭോക്താക്കളുടെ പ്രതിനിധികളുടെയും മരാമത്ത് - ടെലികോം - ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. പ്രവൃത്തി 20ന് ആരംഭിക്കും. കേബിൾ സ്ഥാപിക്കൽ പ്രവൃത്തികൾക്കായി വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെങ്കിലും സമയം ക്രമീകരിച്ചും വിവിധ മേഖലകൾ തിരിച്ചും ഉപഭോക്താക്കൾക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കാൻ ശ്രമിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.യോഗം ഇരിട്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിജോ തോമസ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
വിതരണം കേബിൾ വഴിയായിൽ
കൂടിയ പ്രവർത്തനക്ഷമത
വിശ്വസനീയമായ വൈദ്യുതി വിതരണം
പ്രസരണ നഷ്ടം കുറയ്ക്കുക
ആർ.ഡി.എസ് എസ്
വൈദ്യുതി വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുക എന്നിവ ലക്ഷ്യം വച്ച് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് റിവാബ്ഡ് ഡിസ്ട്രിബ്യുഷൻ സെക്ടർ സ്‌കീം (ആർ.ഡി.എസ് എസ്).